മുതുമുത്തച്ഛന്മാരെങ്കിലും ഈ കാലുകൾക്ക് 18ന്റെ ചെറുപ്പം; ജപ്പാനിൽ ആവേശമായി 80 കഴിഞ്ഞവരുടെ സോക്കർ ലീഗ്
text_fieldsകളിച്ചും കളി കണ്ടും 18 ലോകകപ്പുകൾ കണ്ടതാണ് മുറ്റ്സുഷികോ നോമുറയുടെ സോക്കർ കരിയർ- അഥവാ, നീണ്ട 70 വർഷത്തിലേറെ കാലം. പഴയ ഓർമകളുണ്ടാകുമെങ്കിൽ അവയുടെ മധുര സ്മൃതികളുമായി വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയുന്ന പ്രായത്തിലെത്തിയവൻ.
എന്നാൽ, 83 വയസ്സുകാരൻ മുറ്റ്സുഷികോ വീട്ടിലിരിക്കാനല്ല ഇപ്പോഴും ബൂട്ടുകെട്ടിയിറങ്ങുന്നത്. ദിവസവും പരിശീലനം തുടരുന്നത്. പകരം, ടോക്കിയോയിൽ തുടക്കമായ ‘സോക്കർ ഫോർ ലൈഫ് (എസ്.എഫ്.എൽ) ലീഗിൽ മിന്നുംതാരമാകാനാണ്.
ലോകത്ത്, മുതിർന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ മുന്നിലാണ് ജപ്പാൻ. മുമ്പ് 50ഉം 60ഉം വയസ്സ് എത്തിയവർ മുതുമുത്തച്ഛന്മാരുടെ പട്ടം സ്വന്തമാക്കിയിരുന്ന രാജ്യത്ത് അവരെക്കാൾ പ്രായമുള്ളവർ പോലും തൊഴിലിടങ്ങളിൽ സജീവമാണിപ്പോൾ. 70 വയസ്സിനു മേൽ പ്രായക്കാരായവരിൽ അഞ്ചിലൊന്നും ഇപ്പോഴും തൊഴിലെടുക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. സുരക്ഷാ ഗാർഡുമാരായും കടയിലെ ജീവനക്കാരായും മറ്റും ഇത്തരക്കാർ പതിവു കാഴ്ച. ഭരണകൂടവും ഇവർ ജോലിക്കാരാകുന്നതിന് പ്രോൽസാഹനം നൽകുന്നു.
അതും പോരാഞ്ഞാണ് 80 പിന്നിട്ടവർ സജീവ ഫുട്ബാളിന്റെ ഭാഗമാകുന്നത്. സോക്കർ ഫോർ ലൈഫ് (എസ്.എഫ്.എൽ) ലീഗ് എന്ന പേരിലാണ് 80 പിന്നിട്ടവർക്കായി ഫുട്ബാൾ ലീഗ് തുടങ്ങിയത്. ഒരാഴ്ച മുമ്പ് ടോക്കിയോയിലായിരുന്നു കിക്കോഫ്. ഇനിയുള്ള മത്സരങ്ങളിൽ കഴിവു തെളിയിക്കാൻ മുറ്റ്സുഷികോയും സംഘവും സജീവ പരിശീലനത്തിലാണ്.
80 ലെത്തിയ ആർക്കും ഭാഗമാകാവുന്ന ലീഗിൽ കളിക്കാൻ 93 കാരനായ ഷിംഗോ ഷിയോസാവയുമുണ്ട്. അദ്ദേഹമാണ് എസ്.എഫ്.എൽ ലീഗിലെ ഏറ്റവും പ്രായംകൂടിയ താരം. ഫുട്ബാളിൽ സജീവമല്ലായിരുന്നെങ്കിൽ എന്നേ താൻ മരിച്ചുപോയേനെയെന്ന് പറയുന്നു, റേസിങ് കാർ ഡിസൈനറായ ഷിംഗോ ഷിയോസോവ. മത്സരത്തിന് മുമ്പ് പ്രീസീസൺ മത്സരവും സജീവമാണ്.
അതേ സമയം, ഒരാഴ്ച മുമ്പ് ആദ്യ മത്സരം നടന്ന മൈതാനത്തെ കാഴ്ചകളും ശ്രദ്ധേയമായി. കളിയോടും ജീവിതത്തോടും അഭിനിവേശം മൂത്ത് മൈതാനത്തിറങ്ങിയ ചിലർ 10 മിനിറ്റ് മാത്രം കളിച്ച് തിരിച്ചുകയറി. മുട്ടുവേദനയും പുറംവേദനയും പലരെയും പ്രയാസപ്പെടുത്തി. നൽകിയ പാസ് പലപ്പോഴും ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ നിന്നു. എന്നാൽ, ഇതൊക്കെ ഒരു വശത്തു നടന്നപ്പോഴും മത്സരശേഷം ബിയർ പൊട്ടിച്ച് കളി ആഘോഷമാക്കാനും ഇവർ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.