സമനിലക്കളി! കാലിക്കറ്റ് എഫ്.സിയെ പിടിച്ചുകെട്ടി ഫോഴ്സ കൊച്ചി
text_fieldsകോഴിക്കോട്: ദിവസങ്ങൾക്ക് മുമ്പ് പയ്യനാട്ട് കരുത്തരായ എതിരാളികളെ മുട്ടുകുത്തിച്ച കളിവീര്യം സ്വന്തം കളിമുറ്റത്ത് ഇരട്ടിയാക്കി അവതരിച്ചിട്ടും കോഴിക്കോട്ടുകാരെ പിടിച്ചുകെട്ടി ഫോഴ്സ കൊച്ചി. ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപർ ലീഗ് കേരള പോരാട്ടത്തിലാണ് ഓരോ ഗോൾ വീതമടിച്ച് ഇരുടീമും പോയിന്റ് പങ്കിട്ടത്. കൊണ്ടും കൊടുത്തും ഇരുടീമും തകർത്തുകളിച്ച മത്സരത്തിൽ പന്തിന്റെ നിയന്ത്രണത്തിൽ കാലിക്കറ്റ് മുന്നിൽ നിന്നപ്പോൾ ഗോളവസരങ്ങളിൽ ഫോഴ്സയും മികവുകാട്ടി.
കൂടുതൽ പേർ ആസ്വാദകരായെത്തിയ ഗാലറിക്കു മുന്നിലായിരുന്നു കളി. പന്ത് ടച്ച് ചെയ്ത ഫോഴ്സ ടീം കാലിക്കറ്റ് ഗോൾമുഖത്ത് തുടക്കത്തിൽ നടത്തിയ റെയ്ഡുകളോടെയാണ് മൈാതനമുണർന്നത്. പിറകെ കാലിക്കറ്റും സജീവമായതോടെ ഇരുവശത്തും ഗോൾനീക്കങ്ങൾ തകൃതിയായി. ഒമ്പതാം മിനിറ്റിൽ കൊച്ചി മിഡ്ഫീൽഡർ നിജോ ഗിൽബർട്ടിനുനും 11ാം മിനിറ്റിൽ കാലിക്കറ്റിന്റെ അഷ്റഫിനും ഗോൾ പോസ്റ്റിനരികിൽ പന്ത് ലഭിച്ചത് ഗോൾ മണത്തെങ്കിലും ഓഫ്സൈഡ് കുരുക്കായി. 13ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് ഉയർന്നു വന്ന ക്രോസിൽ കൊച്ചി താരം നിതിൻ മധു തലവെച്ചത് വാരകൾ മാറി പുറത്തേക്ക് പോയി. 22 ാം മിനിറ്റിൽ വലതു വിങ്ങിലൂടെ പന്തുമായി എത്തിയ ബസന്ത് അളന്നു മുറിച്ചുനൽകിയ പന്ത് ടോൺ ഗോമസ് തല വെക്കും മുമ്പ് കാലിക്കറ്റ് ഗോളി വിശാൽ ജൂൺ മനോഹരമായി പിടിയിലൊതുക്കി. 42ാം മിനിറ്റിൽ കാലിക്കറ്റ് ക്യാപ്റ്റൻ ജിജോ ജോസഫ് നൽകിയ പാസ് ബോക്സിന് തൊട്ടു മുന്നിൽ സ്വീകരിച്ച ഗനി തകർപ്പൻ വോളിയിൽ ഗോളി ഹജ്മലിന്റെ കൈകൾക്ക് മുകളിലൂടെ പറത്തി. വല കുലുങ്ങിയതോടെ കാലിക്കറ്റ് മുന്നിൽ 1-0.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കൊച്ചി മിഡ്ഫീൽഡർ നിജോ ഗിൽബർട്ട് പന്തുമായി അതിവേഗം പന്തുമായി കുതിച്ചെങ്കിലും ബോക്സിനു തൊട്ടു മുന്നിൽ ഗനി പുറത്തേക്ക് തട്ടിമാറ്റി അപായമൊഴിവാക്കി. രണ്ടാം പകുതിയിലും ആക്രമണങ്ങൾക്ക് കുറവുണ്ടായില്ല. പലപ്പോഴായി ഫോഴ്സ താരങ്ങൾ നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റിയതിനൊടുവിലായിരുന്നു സമനില ഗോളെത്തിയത്. കളി തീരാൻ 15 മിനിറ്റ് ശേഷിക്കെ ഫോഴ്സ നിരയിൽ പകരക്കാരനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ താരം ഫെഫല്ലോ ആസിഫ് കോട്ടയിൽ നൽകിയ പന്ത് ഫെഡ് ചെയ്ത് ഗോളിയെ കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.