മുൻ ഇംഗ്ലണ്ട് പരിശീലകൻ സ്വൻ ഗോരാൻ എറിക്സൺ അന്തരിച്ചു
text_fieldsലണ്ടൻ: ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനും നിരവധി യൂറോപ്യൻ മുൻനിര ക്ലബുകൾക്കൊപ്പം എണ്ണമറ്റ കിരീടങ്ങളുടെ തമ്പുരാനുമായിരുന്ന സ്വൻ ഗോരാൻ എറിക്സൺ (76) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ രോഗം ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ എറിക്സൺ താൻ ഇനി പരമാവധി ഒരു വർഷം മാത്രമേ ജീവിക്കൂ എന്ന് സമൂഹ മാധ്യമം വഴി അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയൽ സ്വന്തം നാടായ സ്വീഡനിലെ കാർസ്റ്റാഡ് ക്ലബിന്റെ പരിശീലനക്കുപ്പായം അഴിച്ചുവെച്ചതോടെയാണ് പോർചുഗൽ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലും വൻകരകളിലുമായി പടർന്നുനിന്ന ഔദ്യോഗിക കരിയർ അവസാനിപ്പിച്ചത്.
27ാം വയസ്സിൽ കളിയിൽനിന്ന് വിരമിച്ച് പകരം എടുത്തണിഞ്ഞ പരിശീലക വേഷം നീണ്ട നാലു പതിറ്റാണ്ട് കാലം നീണ്ടുനിന്നു. സ്വന്തം രാജ്യമായ സ്വീഡനിൽ 1977ൽ ഡെഗർഫോഴ്സിലായിരുന്നു അരങ്ങേറ്റം. പിറകെ, ഐ.എഫ്.കെ ഗോട്ട്ബർഗിലേക്ക് മാറി. 1982ൽ ടീമിനെ സ്വീഡനിൽ ക്ലബ് കിരീടത്തിലേക്കും യുവേഫ കപ്പ് നേട്ടത്തിലുമെത്തിച്ചതോടെ വമ്പൻ ക്ലബുകളിൽനിന്ന് വിളിയെത്തി. പോർചുഗീസ് അതികായരായ ബെൻഫിക്കയിലെത്തിയ എറിക്സൺ, അവിടെ കുറിച്ചത് വമ്പൻ വിപ്ലവം. രണ്ടു തവണ ലീഗ് കിരീടം പിടിച്ച ടീം 1983ൽ യുവേഫ കപ്പ് ഫൈനലിലുമെത്തി. പിന്നീട് റോമ, ഫിയോറന്റീന ടീമുകൾക്കൊപ്പമായി. 1989ൽ ബെൻഫിക്കയിലേക്ക് മടങ്ങിയ എറിക്സൺ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. 1990ൽ യൂറോപ്യൻ കപ്പ് ഫൈനലിലും ടീം എത്തി.
ഇറ്റലിയിൽ സാംപ്ദോറിയ, ലാസിയോ തുടങ്ങിയവയെയും എറിക്സൺ പരിശീലിപ്പിച്ചു. സീരി എയിൽ വിവിധ ക്ലബുകളിലായി നാലു തവണയാണ് കിരീടം പിടിച്ചത്. രണ്ട് ഇറ്റാലിയൻ കപ്പുകൾ, ഒരു യൂറോപ്യൻ കപ്പ് എന്നിവയും നേടി.
യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി ഇതിനകം വാഴ്ത്തപ്പെട്ട എറിക്സണെ തേടി 2001ൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള വിളിയുമെത്തി. അഞ്ചുവർഷം ഇംഗ്ലീഷ് സംഘത്തിനൊപ്പമായിരുന്ന അദ്ദേഹം മൂന്നു തവണ ടീമിനെ വിവിധ ടൂർണമെന്റുകളിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിച്ചാണ് മടങ്ങിയത്.
അതോടെ, ഇംഗ്ലീഷ് ഫുട്ബാളിന്റെ ഭാഗമായ എറിക്സൺ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ലിവർപൂൾ തുടങ്ങിയ ഒട്ടുമിക്ക ക്ലബുകളെയും പരിശീലിപ്പിച്ചു. ദേശീയ തലത്തിൽ ഇംഗ്ലണ്ടിനുശേഷം മെക്സിക്കോ, ഐവറി കോസ്റ്റ്, ഫിലിപ്പീൻസ് ടീമുകളെയും പരിശീലിപ്പിച്ചു. ക്ലബ് തലത്തിൽ ചൈനയിലെ ഗ്വാങ്ചൂ, ഷാങ്ഹായ്, ഷെൻസൻ ടീമുകളുടെയും പരിശീലകക്കുപ്പായമണിഞ്ഞു. ഈ വർഷം താൻ പരിശീലിപ്പിച്ച ക്ലബുകളിലേറെയും എറിക്സൺ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.