സന്തോഷ് ട്രോഫി ആരുനേടും? നാളത്തെ ഫൈനലിന് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പ്രവചനമിങ്ങനെ...
text_fieldsകോഴിക്കോട്: കാൽപന്തുകളിയിൽ രാജ്യത്തെ ചാമ്പ്യൻ ടീമിനുള്ള സന്തോഷ് ട്രോഫി ഇക്കുറി ആർക്കെന്ന് തീരുമാനിക്കുന്ന കലാശപ്പോരാട്ടം നാളെ. ഇന്ത്യൻ ഫുട്ബാളിന്റെ വീറുറ്റ പോരാട്ട ഭൂമികയിൽ എക്കാലവും വിട്ടുകൊടുക്കാതെ പോരാടിയ അഭിജാത സംഘങ്ങളായ കേരളവും ബംഗാളും കിരീടത്തിനായി ഒരിക്കൽകൂടി നേർക്കുനേർ അടരാടാനിറങ്ങുകയാണ്.
അന്തിമപോരിന് പന്തുരുളാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബാളിലെ വിഖ്യാത പ്രതിഭകളും മുൻക്യാപ്റ്റന്മാരുമായ ഷബീർ അലിയും വിക്ടർ അമൽരാജും ഫൈനലിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും പ്രവചനങ്ങളും പങ്കുവെക്കുന്നു.
ഷബീർ അലി ബംഗാളിനൊപ്പം
മുപ്പതിലേറെ തവണ സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് റെക്കോർഡ് തകർത്ത ബംഗാളിനൊപ്പമാണ് ഷബീർ അലിയുടെ മനസ്സ്. കിരീടങ്ങളുടെ ആധിക്യം നൽകുന്ന ആത്മവിശ്വാസത്തിന്റെ ശക്തമായ അടിത്തറയിൽ ബംഗാൾ വിജയിച്ചുകയറുമെന്നാണ് മുൻ ക്യാപ്റ്റന്റെ പക്ഷം.
‘കലാശപ്പോരാട്ടങ്ങളിലെ സമ്മർദം കൈകാര്യം ചെയ്യുന്നതിലുള്ള അനുഭവസമ്പത്തും കളിയിലെ ആധിപത്യത്തിന്റെ ചരിത്രവും അവർക്ക് മുൻതൂക്കം നൽകുന്നു. കേരളത്തിന്റെ സമീപകാല പ്രകടനം ഏറെ മെച്ചപ്പെട്ടതാണ്. എങ്കിലും ബംഗാളിന്റെ മഹത്തായ പാരമ്പര്യം അവരെ മറ്റൊരു വിജയത്തിലേക്ക് നയിക്കുമെന്നാണ് ഞാൻ കരുതുന്നത്’ -ഷബീർ അലി പറയുന്നു.
കേരളത്തിന് സാധ്യതയെന്ന് വിക്ടർ അമൽരാജ്
കേരള ഫുട്ബാൾ ലീഗും പ്രാദേശിക ഫുട്ബാൾ അക്കാദമികളും ഉൾപ്പെടെ പ്രൊഫഷനൽ ഫുട്ബാൾ രംഗത്തെ സജ്ജീകരണങ്ങൾ കേരളത്തിന്റെ കുതിപ്പിന് ഊർജം പകരുന്നുവെന്ന് വിക്ടർ അമൽരാജ് വിലയിരുത്തുന്നു.
‘കളിയോടുള്ള കേരളത്തിന്റെ പ്രൊഫഷനൽ സമീപനവും നന്നായി തയാറെടുത്ത ടീമും ബംഗാളിനുമേൽ അവർക്ക് മുൻതൂക്കം നൽകുന്നു. അവസരത്തിനൊത്തുയരാനുള്ള ബംഗാളിന്റെ മിടുക്കും അവരുടെ സമ്പന്നമായ പാരമ്പര്യവും ഒട്ടും കുറച്ചുകാണുന്നുമില്ല’-വിക്ടർ അമൽരാജ് അഭിപ്രായപ്പെട്ടു.
കളി കലാശപ്പോരിലേക്ക് അടുക്കുമ്പോൾ, ആവേശകരമായ മത്സരത്തിനാണ് ഇരുടീമും ഒരുങ്ങുന്നത്. ബംഗാളിന്റെ അനുഭവസമ്പത്തിനെതിരെ കളിമിടുക്കിന്റെ ചോരത്തിളപ്പിലാണ് കേരളത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.