മുൻ ഇന്ത്യൻ ഗോളി സുധീർ ഓർമയായി
text_fieldsകോഴിക്കോട്: എഴുപതുകളിലെ ആദ്യപകുതിയിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ഗോൾവല കാത്ത മലയാളി ഗോൾകീപ്പർ ഇ.എൻ സുധീർ (74) ഗോവയിലെ മാപുസയിൽ അന്തരിച്ചു. ഗോവയിൽ സ്ഥിരതാമസമാക്കിയ സുധീർ കോഴിക്കോട് പണിക്കർ റോഡ് സ്വദേശിയാണ്. ഹദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഗോവയിൽ. ഭാര്യ: പരേതയായ ലുർദ്. മക്കൾ : അനൂപ്, ജോൻക്വിൽ.
കോഴിക്കോട് സെന്‍റ് ജോസഫ്സ് സ്കൂളിൽ നിന്ന് പന്ത് തട്ടി തുടങ്ങിയ സുധീർ 1968ൽ ഗവ. ഗണപത് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമിലിടം നേടിയിരുന്നു. കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായി സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്.
എക്സലന്‍റ്, എ.വി.എം, യംഗ് ജെംസ്, യംഗ് ചാലഞ്ചേഴ്സ് തുടങ്ങിയ കോഴിക്കോടൻ ടീമുകളിൽ കളിച്ച ശേഷം വാസ്കോ ഗോവയുടെ പ്രധാന കാവൽക്കാരനായി. മുന്ന് വർഷം വാസ്കോയുടെ നെടുന്തൂണായിരുന്നു സുധീർ. പിന്നീട് അന്നത്തെ ബോംബെ മഹീന്ദ്ര ടീമിലും താരമായിരുന്നു. റഷ്യൻ ടീം സൗഹൃദ മത്സരത്തിനെത്തിയപ്പോൾ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായിരുന്നു.
1971ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ഇന്ത്യൻ കുപ്പായമണിയുന്നത്. 72ൽ റങ്കൂണിൽ നടന്ന ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം നടത്തി. മലേഷ്യയിലെ മെർദേക്ക കപ്പിലും 1974ൽ തെഹ്റാൻ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ഗോളിയായിരുന്നു. ബർമ്മ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയൻ പര്യടനങ്ങളിലും ദേശീയ ടീമിനായി കളിച്ചു. 27ാം വയസിൽ കളിമതിയാക്കിയ സുധീർ 30 വർഷത്തോളം ദോഹയിൽ പ്രവാസിയായി ജീവിച്ചു. മടങ്ങിയെത്തിയ ശേഷം ഗോവയിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.