ഫുട്ബാൾ പ്രചാരണത്തിന് മുൻകാല താരങ്ങളെ അംബാസഡർമാരാക്കും –മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബാൾ പ്രചാരണത്തിന് പ്രഗല്ഭരായ മുൻകാല കായികതാരങ്ങളെ അംബാസഡർമാരാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ.
കായിക വികസനവുമായി ബന്ധപ്പെട്ട് പ്രമുഖ ഫുട്ബാൾ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്ന വിപുല പദ്ധതി ഉടൻ തുടങ്ങും. പരിശീലക ലൈസൻസ് നൽകുന്നതിൽ മുൻകാല താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് സംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാൾ അസോസിയേഷനുമായി ചർച്ച നടത്തും. പരിശീലക ലൈസൻസ് പരീക്ഷ മലയാളത്തിലും എഴുതാൻ അവസരമുണ്ടാക്കാൻ ശ്രമിക്കും.
സ്കൂൾ, കോളജ് തലത്തിൽ മികച്ച ടൂർണമെൻറുകൾ ശക്തമാക്കുന്നതിലും ഡിപ്പാർട്ടുമെൻറുതല ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നതിലും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളമെങ്കിലും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളിൽ ജനുവരിയോടെ കളിക്കളം അനുവദിക്കുമന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ടി.കെ. ചാത്തുണ്ണി, യു. ഷറഫലി, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ബിജേഷ് ബെൻ, കെ. അജയൻ, അബ്ദുൽ ഹക്കിം, കുരിക്കേശ് മാത്യു, കെ. ബിനീഷ് തുടങ്ങി ഫുട്ബാൾ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.