മുൻ റയൽ സൂപ്പർതാരവും സൗദി ലീഗിലേക്ക്; വരവ് ക്രിസ്റ്റ്യാനോയുടെ എതിരാളിയായി!
text_fieldsറയൽ മഡ്രിഡ് മുൻ സൂപ്പർതാരം സെർജിയോ റാമോസും സൗദി ലീഗിലേക്ക്. എന്നാൽ, മുൻസഹതാരവും സുഹൃത്തുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്ർ ക്ലബിലേക്കല്ല വരുന്നത്, സൗദി പ്രോ ലീഗിലേക്ക് പുതുതായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അൽ ഉറുബയിലേക്കാണ് താരം വരുന്നത്.
സ്പാനിഷ് പ്രതിരോധ താരവുമായി ക്ലബ് ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ക്രിസ്റ്റ്യാനോയും റാമോസും റയൽ മഡ്രിഡിൽ ഏറെകാലം ഒരുമിച്ചുണ്ടായിരുന്നു. ക്ലബിനായി നിരവധി കിരീട നേട്ടങ്ങളിൽ ഇരുവരും പങ്കാളികളായി. 2018ൽ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതോടെ ഈ കൂട്ടുകെട്ട് പിരിയുകയായിരുന്നു. പിന്നാലെ റാമോസ് സെവിയ്യയിലേക്ക് മാറി. ക്ലബുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. നിലവിൽ ഫ്രീ ഏജന്‍റാണ്. നേരത്തെ, റാമോസ് ക്രിസ്റ്റ്യാനോയുടെ അൽ നസ്റിലേക്ക് പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
മേജർ സോക്കർ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തെത്തി. ഒടുവിൽ സൗദി ലീഗിലെ അൽ ഉറൂബ ക്ലബ് താരം തെരഞ്ഞെടുത്തെന്നാണ് സൂചന. മറ്റൊരു സ്പാനിഷ് താരം ക്രിസ്റ്റിൻ ടെല്ലോയുമായി ഉറൂബ ഇതിനകം കരാറിലെത്തിയിട്ടുണ്ട്. 2005ൽ സെവിയ്യയിൽനിന്നാണ് താരം റയലിലെത്തുന്നത്. അന്ന് ഒരു സ്പാനിഷ് പ്രതിരോധ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നൽകിയാണ് റയൽ താരത്തെ സ്വന്തമാക്കിയത്. 16 വർഷത്തെ മഡ്രിഡ് കരിയറിൽ 671 മത്സരങ്ങൾ കളിച്ചു. 101 ഗോളുകൾ നേടുകയും 40 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിനിടെ അഞ്ച് ലാ ലീഗ, നാലു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ ക്ലബിനൊപ്പം പങ്കാളിയായി.
ലോക ഫുട്ബാളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായി പേരെടുക്കാനും റാമോസിനായി. സൗദി ലീഗിൽ റയലിലെ മുൻ സഹതാരങ്ങൾ നേർക്കുനേർ വരുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ഫുട്ബാൾ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.