മുൻ സന്തോഷ് ട്രോഫി താരം കെ. അനീസിന് എ.എഫ്.സി (എ) ലൈസൻസ്
text_fieldsഅരീക്കോട്: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഫുട്ബാൾ പരിശീലനത്തിനുള്ള എ ലൈസൻസ് സ്വന്തമാക്കി മുൻ സന്തോഷ് ട്രോഫി താരം കെ. അനീസ്. ജില്ലയിൽ ഷെമിൽ ചെമ്പക്കത്തിന് പുറമെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക പരിശീലകനാണ് ഇദ്ദേഹം.
സംസ്ഥാനത്തുതന്നെ ചുരുക്കം പേർക്കേ ലൈസൻസ് ലഭിച്ചിട്ടുള്ളൂ. ആദ്യഘട്ടം ഇ, ഡി, സി, ബി ലൈസൻസുകൾ ലഭിക്കണം, ശേഷം കോച്ചിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണം തുടങ്ങി നിരവധി കടമ്പകൾ കടന്നുവേണം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ എ ലൈസൻസ് സ്വന്തമാക്കാൻ. ലൈസൻസ് സ്വന്തമാക്കിയതോടെ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ക്ലബുകളിലേക്കും അനീസിന് പരിശീലകനായി പ്രവർത്തിക്കാൻ സാധിക്കും.
2011 വർഷത്തെ സന്തോഷ് ട്രോഫി താരമാണ് ഇദ്ദേഹം. 10 വർഷം ഐ ലീഗിൽ വിവിധ ക്ലബുകൾക്കു വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. മഹേന്ദ്ര യുനൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എയർ ഇന്ത്യ, പുണെ എഫ്.സി, വാസ്കോ ഗോവ, കെ.എസ്.ഇ.ബിയിലും കളിച്ചിട്ടുണ്ട്.
തുടർന്ന് 10 വർഷം മുമ്പാണ് പരിക്കിനെ തുടർന്ന് കോച്ചിങ് രംഗത്തേക്കെത്തിയത്. നിലവിൽ കെ.എസ്.ഇ.ബിയിൽ സീനിയർ അസിസ്റ്റന്‍റാണ്. നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനീസ് പറഞ്ഞു. അരീക്കോട് പുത്തലം സ്വദേശി കെ. മൂസാൻകുട്ടി- കാഞ്ഞിരാല സൈനബ ദമ്പതികളുടെ ഇളയ മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിംറ, ഐസ, മിൻസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.