ഏയ്ഞ്ചല്‍ ഡി മരിയയുടെ ഡ്രീംടീമില്‍ നാല് ബ്രസീലുകാര്‍, അര്‍ജന്റീനയില്‍ നിന്ന് ഒരാള്‍ മാത്രം!!
text_fieldsബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തമ്മില്‍ വലിയ പോരാട്ടമാണ്. അവരുടെ ടീമിനെയും കളിക്കാരെയുമല്ലാതെ മറ്റൊന്നിനെയും ഫാന്‍സ് ഗ്രൂപ്പ് അംഗീകരിക്കില്ല. അര്‍ജന്റീനക്കാര്‍ നെയ്മറിനെയും ബ്രസീലുകാര്‍ ലയണൽ മെസ്സിയെയും ശത്രുപക്ഷത്ത് നിര്‍ത്തും. എന്നാല്‍, കളിക്കാര്‍ തമ്മില്‍ അത്രകണ്ട് വൈരം ഇല്ലെന്ന് മാത്രമല്ല, അവര്‍ വളരെയടുത്ക്കത സുഹൃത്തുക്കളുമാണ്. മെസ്സിയെ പോലെ അര്‍ജന്റീന ടീമിന്റെ നെടുംതൂണായ ഏയ്ഞ്ചല്‍ ഡി മരിയ തനിക്കൊപ്പം കളിച്ച താരങ്ങളെ ചേര്‍ത്ത് ഒരു ടീമിനെ പ്രഖ്യാപിച്ചു. ആ ടീമില്‍ ആരൊക്കെയാണുള്ളത് എന്നറിഞ്ഞാല്‍ അര്‍ജന്റീന ഫാന്‍സ് ഒന്നമ്പരക്കും! ബ്രസീല്‍ കളിക്കാര്‍ക്കാണ് മുന്‍തൂക്കം. ലെഫ്റ്റ് ബാക്ക് മാര്‍സലോ, സെന്റര്‍ ബാക്ക് തിയഗോ സില്‍വ, റൈറ്റ് ബാക്ക് ഡാനി ആല്‍വസ്, റൈറ്റ് വിങ്ങര്‍ നെയ്മര്‍ എന്നീ ബ്രസീല്‍ കളിക്കാരില്ലാതെ ഡി മരിയയുടെ ഡ്രീം ടീം പൂര്‍ണമാകില്ല.
ഈ ടീമില്‍ ഇടം പിടിച്ച ഏക അര്‍ജന്റീനക്കാരന്‍ മെസ്സിയാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായിട്ടാണ് മെസ്സിയുടെ സ്ഥാനം. ക്ലബ് ഫുട്‌ബാളില്‍ ഒപ്പം കളിച്ചവരെയാണ് ഡി മരിയ പ്രധാനമായും ലിസ്റ്റ് ചെയ്തത്. റയല്‍ മഡ്രിഡില്‍ സഹതാരമായിരുന്ന ഐകര്‍ കസീയസാണ് ഗോള്‍ കീപ്പര്‍. സെന്റര്‍ ബാക്ക് സെര്‍ജിയോ റാമോസും സെന്റര്‍ മിഡ്ഫീല്‍ഡര്‍മാരായ ലൂക മോഡ്രിചും സാബി അലോണ്‍സോയും ലെഫ്റ്റ് വിങ്ങർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍സലോയും റയല്‍ മാഡ്രിഡില്‍ ഡി മരിയക്കൊപ്പം കളിച്ചവരാണ്.
ഡാനി ആല്‍വസും തിയഗോ സില്‍വയും പി.എസ്ജി.യില്‍ ഒരുമിച്ച് കളിച്ചവര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഒരു സഹതാരവും ഡി മരിയയുടെ ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ സെന്റര്‍ ഫോര്‍വേർഡ് വെയിന്‍ റൂണി. ഒരു സീസണ്‍ മാത്രമാണ് ഡി മരിയയും റൂണിയും ഒരുമിച്ച് കളിച്ചത്. ഭാവനാ സമ്പന്നനായ മുന്നേറ്റ നിരക്കാരന്‍ എന്ന നിലയില്‍ ഡി മരിയക്ക് റൂണിയോളം പോന്ന മറ്റൊരു സഹതാരത്തെ കണ്ടെത്താനില്ലായിരുന്നു. ബാഴ്‌സയുടെ ഇതിഹാസം മെസ്സിയും റയല്‍ മഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് തുടരെ നേടി ചരിത്രം സൃഷ്ടിച്ച ക്രിസ്റ്റ്യാനോയും പി.എസ്.ജിയുടെ നെയ്മറും ചേരുന്ന ആക്രമണ നിര സ്വപ്‌നസമാനമാണ്.
ഡി മരിയയുടെ സ്വപ്ന ടീം
ഐകര്‍ കസിയസ് (ഗോളി), മാര്‍സലോ (ലെഫ്റ്റ് ബാക്ക്), തിയഗോ സില്‍വ (സെന്റര്‍ബാക്ക്), സെര്‍ജിയോ റാമോസ് (സെന്റര്‍ബാക്ക്), ഡാനി ആല്‍വസ് (റൈറ്റ് ബാക്ക്), ലൂക മോഡ്രിച് (സെന്റര്‍ മിഡ്ഫീല്‍ഡര്‍), സാബി അലോണ്‍സോ (സെന്റര്‍ മിഡ്ഫീല്‍ഡര്‍), ലയണല്‍ മെസ്സി (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍), നെയ്മര്‍ (റൈറ്റ് വിങ്ങർ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ലെഫ്റ്റ് വിങ്ങർ), വെയിന്‍ റൂണി (സെന്റര്‍ ഫോര്‍വേഡ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.