സാവിയുടെ പടിയിറക്കം അപ്രതീക്ഷിതം! പുറത്താകലിലേക്ക് നയിച്ചത് പലവിധ കാരണങ്ങൾ...
text_fieldsബാഴ്സലോണ (സ്പെയിൻ): ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഖ്യാത താരം സാവി ഹെർണാണ്ടസ് ബാഴ്സലോണ ക്ലബിന്‍റെ പരിശീലക പദവിയിൽനിന്ന് പടിയിറങ്ങുന്നത്. സാവിയുമായി ക്ലബ് അധികൃതർ കരാർ അവസാനിപ്പിക്കുന്ന വിവരം ഫുട്ബാൾ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സാവിയുടെ സേവനം സീസണോടെ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രസിഡന്റ് യോവാൻ ലാപോർട്ടയാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജനുവരിയിൽതന്നെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ബാഴ്സയുടെ വിഖ്യാത താരം കൂടിയായ സാവി പ്രഖ്യാപിച്ചിരുന്നു. ലാ ലിഗയിൽ വിയ്യാറയലിനെതിരായ 5-3ന്‍റെ തോൽവിക്കു പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. എന്നാൽ, ലാപോർട്ടയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തീരുമാനം മാറ്റി ക്ലബിൽ തുടരാമെന്ന് അറിയിക്കുകയും ചെയ്തു. 2025 ജൂൺ വരെ ബാഴ്സലോണക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് കൃത്യം ഒരു മാസത്തിനുശേഷമാണ് അപ്രതീക്ഷിതമായി നൂ കാമ്പിൽനിന്നുള്ള പടിയിറക്കം.
2021 നവംബറിലാണ് സാവി ബാഴ്സയുടെ പരിശീലന സ്ഥാനത്തെത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ ലാ ലിഗ ജേതാക്കളാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സാവിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയതിനു പിന്നിൽ പലവിധ കാരണങ്ങളുണ്ട്. ക്ലബിന്‍റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് സാവി നടത്തിയ പരസ്യപ്രസ്താവനയാണ് ഇതിലൊന്ന്. സാമ്പത്തികമായി തകർന്ന ബാഴ്സക്ക് ലീഗിലെ വമ്പന്മാരായ റയൽ മഡ്രിഡ്, യൂറോപ്പിലെ മറ്റു മുൻനിര ക്ലബുകൾ എന്നിവരുമായി മത്സരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും പുതിയ താരങ്ങളുമായി കരാറിലെത്തണമെന്നും സാവി പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. ഇത് ബാഴ്സ മാനേജ്മെന്‍റും സാവിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.
ആഴ്ചകൾക്കുമുമ്പ് ക്ലബിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഒരു പരിശീലകൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയത് വഞ്ചനയാണെന്ന നിലപാടായിരുന്നു ക്ലബ് പ്രഡിഡന്‍റ് ലാപോർട്ടക്ക്. ക്ലബിലെ സുപ്രധാന താരങ്ങളെ ബെഞ്ചിലിരുത്തിയുള്ള സാവിയുടെ പരീക്ഷണങ്ങൾ ടീമിന് തിരിച്ചടിയായെന്ന വിലയിരുത്തലും ക്ലബിനുണ്ട്. ലപോർട്ടയുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായിരുന്ന ഈ തീരുമാനങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. സാവിയുടെ പരീക്ഷണങ്ങൾ താരങ്ങളിലും അതൃപ്തിക്ക് കാരണമായി. റോബർട്ട് ലെവൻഡോവ്‌സ്‌കി, റൊണാൾഡ് അരൗജോ, ജൂൾസ് കൗണ്ടെ എന്നിവർ ഉൾപ്പെടെയുള്ള ഏതാനും താരങ്ങൾക്ക് സാവിയുടെ പരിശീലന രീതികളിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇത് ലീഗീൽ അവസാന ഘട്ടത്തിൽ ടീമിന് തിരിച്ചടിയായെന്നും വിലയിരുത്തുന്നു. പ്രശ്‌നപരിഹാരത്തിനായി താരങ്ങൾ സാവിയെ നേരിട്ട് സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. സാവിയുടെ തന്ത്രങ്ങൾ നിർണായക മത്സരങ്ങളിൽ തിരിച്ചടിയായെന്നും അത് ടീമിനെ പരാജയത്തിലേക്ക് നയിച്ചതായും പറയുന്നു. സീസണിലുടനീളം ടീമിന് സ്ഥിരതയുള്ള പ്രകടനം നടത്താനായില്ല. പ്രതിരോധത്തിലെ തന്ത്രങ്ങൾ പാളിയത് എതിരാളികൾക്ക് പലപ്പോഴും കടന്നുകയറാൻ അവസരം ഒരുക്കി. സീസണിലുടനീളം ബാഴ്‌സലോണയെ അലട്ടിയിരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാവി പരാജയപ്പെട്ടു. സാവിയുടെ പരസ്യ പ്രസ്താവനകളും പ്രധാന താരങ്ങളെ പരിഗണിക്കാത്തതും ക്ലബിന് തിരിച്ചടിയായി. പരിശീലനത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കി. ഇതോടെ സാവിയും ക്ലബിലെ താരങ്ങളും മാനേജ്മെന്‍റും തമ്മിലുള്ള ഭിന്നത വർധിച്ചു.
ഇതോടെ സാവിയുടെ പുറത്താകൽ ക്ലബിനെ സംബന്ധിച്ചെടുത്തോളം അനിവാര്യമായി തീർന്നെന്നും ചൂണ്ടിക്കാട്ടുന്നു. മുൻ ബയേൺ മ്യൂണിക് കോച്ച് ഹാൻസ് ഫ്ലിക്ക് ബാഴ്സയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ജർമൻ ദേശീയ ടീം പരിശീലകനായിരുന്ന അദ്ദേഹത്തെ ഇംഗ്ലീഷ് പ്രീമിയർലീഗിലെ നിരവധി ക്ലബുകൾ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ബാഴ്സലോണയിലേക്ക് തന്നെ ഉറ്റുനോക്കുകയായിരുന്നുവെന്ന് പുറത്തുവരുന്ന വിവരം. ഈമാസം 27ന് സെവ്വിയക്കെതിരെയാണ് ബാഴ്സയുടെ അവസാന ലീഗ് മത്സരം. 37 മത്സരങ്ങളിൽനിന്ന് 82 പോയന്‍റുള്ള ബാഴ്സ ഇത്തവണ രണ്ടാമത് ഫിനിഷ് ചെയ്യും. റയൽ മഡ്രിഡ് നേരത്തെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.