സെമിയിലെ തോൽവി; ഏറ്റുമുട്ടി മൊറോക്കോ-ഫ്രാൻസ് ആരാധകർ
text_fieldsബ്രസല്‍സ്: ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റുപുറത്തായതിന് പിന്നാലെ മൊറോക്കൻ ആരാധകരുടെ പ്രതിഷേധം. ഫ്രാൻസിലും ബെൽജിയത്തിലും മൊറോക്കോ-ഫ്രാൻസ് ആരാധകർ ഏറ്റുമുട്ടിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബ്രസൽസിൽ നൂറ് കണക്കിന് മൊറോക്കോ ആരാധകര്‍ പൊലീസിന് നേരെ പടക്കങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരാധകര്‍ മാലിന്യസഞ്ചികളും കാര്‍ഡ് ബോര്‍ഡ് പെട്ടികളും കൂട്ടിയിട്ട് കത്തിക്കുന്നതും വിഡിയോകളിൽ കാണാം. ബ്രസല്‍സ് സൗത്ത് സ്‌റ്റേഷന് സമീപം തടിച്ചുകൂടിയ ആരാധകരാണ് മൊറാക്കോയുടെ പരാജയത്തില്‍ പ്രതിഷേധിച്ചത്.
പൊലീസ് ആരാധകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫ്രഞ്ച് നഗരമായ പാരീസിലും മോണ്ട്പെല്ലിയറിലും പടക്കങ്ങൾ എറിഞ്ഞായിരുന്നു ആരാധകരുടെ പ്രതിഷേധം. പലയിടങ്ങളിലും ഫ്രഞ്ച്-മൊറോക്കൻ ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
ഫ്രാൻസിന്‍റെ വിവിധ നഗരങ്ങളിൽ നിരവധി മൊറോക്കൻ പ്രവാസികൾ കഴിയുന്നുണ്ട്. സെമി ഫൈനലില്‍ 2-0ത്തിനാണ് ഫ്രാന്‍സ് മൊറോക്കോയെ പരാജയപ്പെടുത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ലൂസേഴ്സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.