ഫ്രഞ്ച് ഇതിഹാസം; സ്പെയിനിനെ തോൽപിച്ച് ഫ്രാൻസ് നേഷൻസ് ലീഗ് ജേതാക്കൾ
text_fieldsമിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ലോക ചാമ്പ്യൻമാരായ ഫ്രാൻസിന്. മിലാനിലെ സാൻസീറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരുഗോളിന് പിറകിൽ നിന്ന ശേഷം സ്പെയിനിനെ 2-1നാണ് ഫ്രഞ്ച് പട തോൽപിച്ചത്. ഇതോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി ഫ്രാൻസ്. 2019ൽ നടന്ന പ്രഥമ നേഷൻസ് ലീഗിൽ പോർചുഗലായിരുന്നു ജേതാക്കൾ.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും. 64ാം മിനിറ്റിൽ മൈക്കൽ ഒയാർസബാളിന്‍റെ ഗോളിലൂടെ സ്പെയിനാണ് മുന്നിൽ കയറിയത്. രണ്ടു മിനിറ്റിനകം ഫ്രാൻസ് ഒപ്പമെത്തി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ബെൻസേമ വലയിലേക്കു എയ്തുവിട്ടു. പന്ത് തട്ടിയകറ്റാനായി സ്പാനിഷ് ഗോൾകീപ്പർ ഉയർന്നു ചാടിയെങ്കിലും ഗ്ലൗസിൽ തട്ടിയ പന്ത് വലയിലേക്ക് ഊർന്നിറങ്ങി.
മത്സരത്തിൽ 64 ശതമാനം സമയവും പന്ത് കൈവശം വെച്ചത് സ്പെയിനായിരുന്നു. 80ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നൽകിയ ത്രൂബാൾ ഉനായ് സിമോണിനെ കബളിപ്പിച്ച് എംബാപ്പെ വലയിലാക്കി. എംബാപ്പെയുടെ വിജയഗോൾ ഓഫ്സൈഡാണെന്ന് സ്പാനിഷ് ടീം വാദിച്ചെങ്കിലും ഗോൾ അനുവദിച്ചു. മത്സരത്തിന്‍റെ അവസാനം നിർണായകമായ രണ്ട് സേവുകളുമായി ഫ്രഞ്ച് നായകനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് കിരീടം സുരക്ഷിതമാക്കി.
സെമി ഫൈനലിൽ രണ്ടുഗോളിന് പിറകിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ചായിരുന്നു ഫ്രാൻസ് വിജയിച്ചത്. 2-1ന് ബെൽജിയത്തെ തോൽപിച്ച് യൂറോ ജേതാക്കളായ ഇറ്റലി മൂന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.