സൗഹൃദപ്പോരിൽ ഫ്രാൻസ്, ഡെന്മാർക്ക്, ബെൽജിയം, സ്പെയിൻ ടീമുകൾക്ക് ജയം
text_fieldsപാരിസ്: കാൽപന്ത് കളിയാരവമുണർന്ന യൂറോപ്പിൽ മികച്ച വിജയവുമായി കരുത്തർ. ക്ലബ് മാറ്റം പൂർത്തിയാക്കിയ കിലിയൻ എംബാപ്പെ ഒരിക്കൽകൂടി ദേശീയ ജഴ്സിയിലിറങ്ങിയ കളിയിൽ ഫ്രാൻസ് ലക്സംബർഗിനെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് മുട്ടുകുത്തിച്ചു.
തിങ്കളാഴ്ച ലാ ലിഗ അതികായരായ റയൽ മഡ്രിഡിനൊപ്പം ചേർന്ന എംബാപ്പെ ആദ്യാവസാനം കളംനിറഞ്ഞാണ് ഫ്രഞ്ച് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചത്. 43ാം മിനിറ്റിൽ കോലോ മുവാനി തുടക്കമിട്ട ഗോൾവേട്ട 70ാം മിനിറ്റിൽ ജൊനാഥൻ ക്ലോസും അവസാന മിനിറ്റുകളിൽ എംബാപ്പെയും പൂർത്തിയാക്കി. ഫ്രഞ്ച് നിരയിൽ കന്നിക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബർകോള നൽകിയ മനോഹര പാസിലായിരുന്നു എംബാപ്പെയുടെ ഗോൾ.
പരിക്കേറ്റ് ഏറെയായി പുറത്തിരിക്കുന്ന അന്റോയിൻ ഗ്രീസ്മാൻ തിരിച്ചുവരുകയും ഉസ്മാൻ ഡെംബലെ രോഗബാധിതനായി പുറത്തിരിക്കുകയും ചെയ്തതായിരുന്നു ടീം ഹൈലൈറ്റ്. ക്രിസ്റ്റ്യൻ എറിക്സൺ ഗോൾ കണ്ടെത്തിയ കോപൻഹേഗനിൽ ഡെന്മാർക്ക് സ്വീഡനെ 2-1ന് കടന്നപ്പോൾ മൈക്കൽ ഒയർസബൽ ഹാട്രിക് കുറിച്ച മത്സരത്തിൽ സ്പെയിൻ ദുർബലരായ അൻഡോറയെയും മുക്കി.
ദേശീയ ജഴ്സിയിൽ 100ാം മത്സരത്തിനിറങ്ങിയ കെവിൻ ഡി ബ്രുയിൻ ഗോളടിച്ച കളിയിൽ ബെൽജിയവും ജയം പിടിച്ചു. മോണ്ടിനെഗ്രോയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ടീം പരാജയപ്പെടുത്തിയത്. ലിയാൻഡ്രോ ട്രോസാർഡ് ആയിരുന്നു രണ്ടാം ഗോളിനുടമ. യൂറോ കപ്പിൽ ബെൽജിയത്തിനൊപ്പം ഗ്രൂപ് ഇയിലുള്ള സ്ലോവാക്യ ഇത്തിരിക്കുഞ്ഞന്മാരായ സാൻ മാരിനോക്കെതിരെ 4-0നും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.