ഒളിമ്പിക്സ് ഫുട്ബാളിൽ തീപാറും പോരാട്ടം! അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
text_fieldsപാരിസ്: ഒളിമ്പിക്സ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ അർജന്‍റീന-ഫ്രാൻസ് ആവേശ പോരിന് കളമൊരുങ്ങി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് തിയറി ഹെൻറിയുടെ ഫ്രഞ്ച് പട അവസാന പതിനാറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തി ആധികാരികമായാണ് ഫ്രഞ്ച് ടീമിന്‍റെ വരവ്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ആതിഥേയർക്ക് ക്വാർട്ടറിലെത്താൻ സമനില തന്നെ ധാരാളമായിരുന്നു. നായകൻ ജീൻ ഫിലിപ്പെ, മധ്യനിരതാരം ഡിസയർ ഡൂ, മുന്നേറ്റതാരം അർനൗഡ് കലിമുൻഡോ എന്നിവരാണ് ഫ്രാൻസിനായി വലകുലുക്കിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാമത് ഫിനിഷ് ചെയ്തതോടെയാണ് ക്വാർട്ടറിൽ അർജന്‍റീനക്ക് എതിരാളികളായി ഫ്രാൻസിനെ കിട്ടിയത്. ആഗസ്റ്റ് രണ്ടിനാണ് മത്സരം. ലിയോണിൽ നടന്ന മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ യുക്രെയ്നെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് ഹവിയർ മഷരാനോയും സംഘവും ക്വാർട്ടറിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തിയാഗോ അൽമാഡയും ഇൻജുറി ടൈമിൽ റീബൗണ്ടിൽ ക്ലൗഡിയോ എച്ചെവേരിയാണ് ഗോൾ നേടിയത്.
2022 ഖത്തർ ലോകകപ്പിനു പിന്നാലെയാണ് ഇരു ടീമുകൾക്കും ഇടയിൽ വൈര്യം ഉടലെടുക്കുന്നത്. ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ചാണ് മെസ്സിയും സംഘവും ലോക കിരീടം നേടുന്നത്. പിന്നാലെ അർജന്‍റീനയുടെ വിജയാഘോഷത്തിൽ ഫ്രാൻസ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്‍റുകളും താരങ്ങൾ മുഴക്കി. കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെയും സമാനരീതിയിൽ അർജന്‍റീന താരങ്ങൾ ചാന്‍റ് മുഴക്കി. ഹെൻസോ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ ഇതിന്‍റെ വിഡിയോ പങ്കുവെക്കുകയും ചെയ്തു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് താരം മാപ്പു പറഞ്ഞിരുന്നു. വംശീയ അധിക്ഷേപത്തിനെതിരെ ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഫിഫക്ക് പരാതിയും നൽകി.
ഗ്രൂപ്പ് സിയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിന് ഈജിപ്തിനു മുന്നിൽ കാലിടറി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഈജിപ്തിന്‍റെ ജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായ അവർ ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സ്പെയിനും മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഗിനിയയെ 2-0ത്തിന് തോൽപിച്ച് യുനൈറ്റഡ് സ്റ്റേറ്റ്സ് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി. മൊറോക്കോയാണ് എതിരാളികൾ. പരാഗ്വയും ജപ്പാനും അവസാന പതിനാറിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.