‘എംബാപ്പെ ഇല്ലാത്ത ഫ്രാൻസിന് മൂർച്ചയില്ലേ?’ കളത്തിലും കണക്കുകളിലും ചിലതു തെളിയുന്നുണ്ട്...
text_fieldsകരുത്തരായ എതിരാളികൾക്കെതിരെ കിലിയൻ എംബാപ്പെയെന്ന ചാട്ടുളിയില്ലാതെ ഫ്രാൻസ് ഏതുവിധം പടിച്ചുകയറുമെന്നതായിരുന്നു ചോദ്യം. അതിന് കൃത്യമായ ഉത്തരം കിട്ടാതെയാണ് യൂറോ കപ്പിൽ ഫ്രാൻസ്-നെതർലാൻഡ്സ് മത്സരം പെയ്തുതീർന്നത്. ആധുനിക ഫുട്ബാളിലെ ഏറ്റവും വിനാശകാരിയായ സ്ട്രൈക്കർമാരിലൊരാൾ പരിക്കുകാരണം തങ്ങളുടെ ബെഞ്ചിൽനിന്ന് കളി കണ്ട മത്സരത്തിൽ ഫ്രാൻസിന് നിരാശാജനകമായ സമനിലയുമായി തിരിച്ചുകയറേണ്ടി വരികയായിരുന്നു.
പന്തിന്മേൽ ആധിപത്യവും ഷോട്ടുകളുടെ മേധാവിത്വവുമൊക്കെയുണ്ടായിരുന്നു. പക്ഷേ, അർധാവസരങ്ങളിൽനിന്ന് അസാമാന്യമായി വലകുലുക്കുന്ന എംബാപ്പെയെന്ന സൂപ്പർ സ്ട്രൈക്കറുടെ അഭാവം ഫ്രാൻസിന്റെ അണിയിൽ വ്യക്തമായി നിഴലിച്ചിരുന്നു. മത്സരത്തിൽ 63 ശതമാനം സമയവും കളി നിയന്ത്രിക്കുകയും 15 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തിട്ടും വിലപ്പെട്ട മൂന്നു പോയന്റിലേക്ക് വല കുലുക്കാൻ ഫ്രഞ്ചുകാർക്ക് കഴിഞ്ഞില്ല.
ഫ്രാൻസിന്റെ ആദ്യകളിയിൽ മൂക്കിനേറ്റ പരിക്കുകാരണമാണ് കിലിയൻ രണ്ടാം മത്സരത്തിൽനിന്ന് വിട്ടുനിന്നത്. അവസരങ്ങൾ ഒന്നൊന്നായി പാഴാകുമ്പോൾ ബെഞ്ചിൽ ആ 25കാരന്റെ ഭാവഹാവാദികൾ കാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. പലപ്പോഴും മോഹഭംഗമായിരുന്നു ആ മുഖത്ത് തെളിഞ്ഞുനിന്നത്. 15 അവസരങ്ങൾ തുലച്ച് കളി ഗോൾരഹിത സമനിലയിൽ അവസാനിക്കുമ്പോൾ ഫ്രഞ്ചുസംഘത്തിന് ഏറ്റവും ‘മിസ് ചെയ്തത്’ കളത്തിൽ എംബാപ്പെയുടെ സാന്നിധ്യമാണ്.
എന്നാൽ, കോച്ച് ദിദിയർ ദെഷാംപ്സ് അത് അംഗീകരിക്കാൻ തയാറല്ല. ‘ഞാനത് കാര്യമാക്കുന്നില്ല. ഇതൊരു മത്സരം മാത്രം. ചിലപ്പോൾ നിങ്ങൾക്ക് ഒരുപാടു ഗോളവസരങ്ങൾ കിട്ടിയിട്ടും വലയിൽ പന്തെത്തിക്കാനാകാതെ വരും. മറ്റുചിലപ്പോൾ നേരെ തിരിച്ചാകും. കളിയിൽ അവസരങ്ങൾ തുറന്നെടുക്കാതിരുന്നെങ്കിൽ ഞാൻ വ്യാകുലപ്പെട്ടേനേ. ഉന്നത തല ഫുട്ബാളിൽ കാര്യക്ഷമതയാണ് പ്രധാനം. അതിലാണ് ഞങ്ങൾ ശ്രദ്ധയൂന്നുന്നതും’ -എംബാപ്പെയുടെ അസാന്നിധ്യത്തിൽ സ്കോർ ചെയ്യാൻ കഴിയാതെ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദെഷാംപ്സിന്റെ മറുപടി ഇതായിരുന്നു.
കളിയുടെ എല്ലാ ഏരിയയിലും മിടുക്കന്മാർ നിറഞ്ഞ സംഘമാണ് ഫ്രാൻസിന്റേത്. എന്നാൽ, എംബാപ്പെയുടെ അഭാവം ആശങ്കപ്പെടുത്തുന്നുവെന്നത് കൃത്യമായി സാക്ഷ്യപ്പെടുത്തിയ മത്സരമായിരുന്നു ഓറഞ്ചുപടക്കെതിരെ നടന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്റ്റാർട്ടിങ് ലൈനപ്പിൽ എംബാപ്പെയില്ലാതെ ഫ്രാൻസ് കളിക്കാനിറങ്ങിയത് ഏഴു കളികളിലാണ്. ഈ ഏഴു മത്സരങ്ങളിലും ഫ്രഞ്ചുപടക്ക് ജയിക്കാനായില്ലെന്നത് അക്കാര്യം അടിവരയിടുന്നുണ്ട്. ഇതിൽ അഞ്ചു കളികൾ സമനിലയിലായപ്പോൾ രണ്ടെണ്ണത്തിൽ പരാജയമായിരുന്നു ഫലം.
ഒരു ജയവും സമനിലയുമടക്കം നാലു പോയന്റുള്ള ഫ്രാൻസ് നോക്കൗട്ടിന് തൊട്ടരികിലാണിപ്പോൾ. ഗ്രൂപ് ‘ഡി’യിലെ തങ്ങളുടെ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ സമനില മാത്രം മതി. അപ്പോഴും ആദ്യ രണ്ടു കളികളിൽനിന്ന് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞതെന്ന ദൗർബല്യം കണക്കുകളിൽ തെളിയുന്നുണ്ട്. അതുതന്നെ സെൽഫ് ഗോളായിരുന്നു താനും. മുന്നോട്ടുള്ള വഴിയിൽ ദെഷാംപ്സിനെയും ശിഷ്യന്മാരെയും ആശങ്കപ്പെടുത്തുന്നത് അതുതന്നെയാകും.
എംബാപ്പെയുടെ അസാന്നിധ്യം കളിയിൽ തെളിഞ്ഞുനിൽക്കുമെന്നത് ദെഷാംപ്സ് അംഗീകരിച്ചില്ലെങ്കിലും നെതർലൻഡ്സ് കോച്ച് റൊണാൾഡ് കൂമാൻ തുറന്നുസമ്മതിക്കുന്നു. ‘അത് തീർച്ചയായും വ്യത്യസ്തം തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചും ഫ്രാൻസിനെ സംബന്ധിച്ചും അത് വേറിട്ട ഒന്നാവും. യൂറോപ്പിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുടെ അഭാവം തീർച്ചയായും വ്യത്യസ്തമായി അനുഭവപ്പെടും’.
എംബാപ്പെയുടെ അഭാവത്തിൽ ടീമിന്റെ നെടുന്തൂണായ അന്റോയിൻ ഗ്രീസ്മാനും തിളങ്ങാൻ കഴിയാതിരുന്നതാണ് ഫ്രാൻസിന് തിരിച്ചടിയായത്. ടീമിന്റെ മികച്ച അവസരങ്ങളേറെയും ഗ്രീസ്മാനെ തേടിയാണെത്തിയത്. ആദ്യപകുതിയിൽ ക്ലോസ്റേഞ്ചിൽ ലഭിച്ച അവസരമാണ് കളഞ്ഞുകുളിച്ചത്. രണ്ടാം പകുതിയിൽ കാന്റെയിൽനിന്ന് ലഭിച്ച പാസിൽ സ്കോറിങ് ഉറപ്പിച്ചുനിൽക്കെ ഫസ്റ്റ് ടച്ച് ദുർബലമായതോടെ ശ്രമം സേവ് ചെയ്യപ്പെട്ടു. രണ്ടു വർഷത്തെ ഇടവേളക്കുശേഷം രാജ്യാന്തര ഫുട്ബാളിൽ തിരിച്ചെത്തിയ എൻഗോളോ കാന്റെ ആദ്യകളിയിലെന്നപോലെ നെതർലൻഡ്സിനെതിരെയും മിന്നുന്ന ഗെയിമാണ് കെട്ടഴിച്ചത്.
അതേസമയം, അവസാന ഘട്ടത്തിൽ നെതർലാൻഡ്സിന്റെ സാവി സൈമൺസ് 14 വാര അകലെ നിന്നുതൊടുത്ത ഷോട്ട് വലയിലെത്തിയതോടെ ഓറഞ്ചുകുപ്പായക്കാർ ആഘോഷത്തിലായിരുന്നു. എന്നാൽ, സൈമൺസിന്റെ ഷോട്ട് വലയിൽ കയറുമ്പോൾ ഡെൻസെൽ ഡുംഫ്രീസ് ഓഫ്സൈഡ് പൊസിഷനിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘വാറി’ൽ ഗോൾ നിഷേധിക്കപ്പെട്ടു. റഫറിമാർ ഏറെ നേരത്തേ ആശയവിനിമയത്തിനൊടുവിലാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഡുംഫ്രീസ് ഓഫ്സൈഡാണെങ്കിലും ഗോൾകീപ്പറെ ശല്യപ്പെടുത്തിയിട്ടില്ലെന്നതിനാൽ സൈമൺസിന്റെ ഷോട്ട് ഗോളായി അംഗീകരിക്കേണ്ടിയിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മത്സരശേഷം ഡച്ച് കോച്ച് കൂമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.