ഫ്രാൻസിന് തടയിടാൻ സ്വിസ് സംഘം
text_fieldsബുക്കറസ്റ്റ്: 1998ൽ ലോകകപ്പ് നേടിയ ഫ്രാൻസ് പിന്നാലെ 2000ൽ യൂറോകപ്പും നേടി ഡബ്ൾ തികച്ചിരുന്നു. നിലവിൽ ലോകചാമ്പ്യന്മാരായ ഫ്രഞ്ചുപടക്ക് ഇത്തവണ യൂറോ കിരീടമുയർത്താനായാൽ വീണ്ടും ഡബ്ൾ തികക്കാം. അതോടൊപ്പം കഴിഞ്ഞ തവണ ഫൈനലിൽ പോർചുഗലിന് മുന്നിൽ കാലിടറിയതിെൻറ ക്ഷീണവും തീർക്കാം. അതിന് കെൽപുള്ള സംഘവുമായാണ് മേൽപറഞ്ഞ മൂന്നു കിരീടനേട്ടങ്ങളിലും പങ്കാളിയായ ദിദിയർ ദെഷാംപ്സ് എത്തിയിരിക്കുന്നത്. എന്നാൽ, അതിനൊത്ത കളി ആദ്യ റൗണ്ടിൽ ഫ്രഞ്ച് സംഘത്തിൽനിന്നുണ്ടായിട്ടില്ല. നോക്കൗട്ടിലെത്തുന്നതോടെ കളി മാറുമെന്നാണ് ആരാധക പ്രതീക്ഷ. മരണഗ്രൂപ്പിൽ പരിക്കേൽക്കാതെയായിരുന്നു ഫ്രഞ്ച് മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമടക്കം ഗ്രൂപ് എഫ് ജേതാക്കൾ.
അഞ്ചു വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ സ്ട്രൈക്കർ കരീം ബെൻസേമ ഫോം കണ്ടെത്തിയതാണ് ടീമിന് ഏറെ ആശ്വാസം പകരുന്നത്. മധ്യനിരയിൽ പോൾ പൊഗ്ബയും തിളങ്ങുന്നു. എന്നാൽ, കിലിയൻ എംബാപെയും എൻഗോളോ കാെൻറയും വേണ്ടത്ര ഫോമിലല്ലാത്തത് നോക്കൗട്ടിൽ മാറും എന്ന പ്രതീക്ഷയിലാണ് ടീം. വലക്കുമുന്നിൽ ഹ്യൂഗോ ലോറിസും റാഫേൽ വരാനെ നയിക്കുന്ന പ്രതിരോധവും വിശ്വസ്തരാണ്. ഇടതുബാക്ക് ലൂകാസ് ഹെർണാണ്ടസിനും പകരമിറങ്ങിയ ലൂകാസ് ഡീനെക്കും പരിക്കേറ്റത് തിരിച്ചടിയാണ്. വേറെ ലെഫ്റ്റ് ബാക്ക് ടീമിലില്ലാത്തതിനാൽ പകരം സ്റ്റോപ്പർബാക്ക് ക്ലമൻറ് ലെങ്ലെറ്റാവും ഇറങ്ങുക.
എ ഗ്രൂപ്പിൽ ഓരോ ജയവും സമനിലയും തോൽവിയുമായി മൂന്നാമതായി മുന്നേറിയ സ്വിറ്റ്സർലൻഡ് ഫ്രാൻസിന് തടയിടാനാവുമെന്ന പ്രതീക്ഷയിലാണ്. സൂപ്പർ താരം ഷെർദാൻ ഷക്കീരിയുടെ ഫോമാണ് കോച്ച് വ്ലാദിമിർ പെറ്റ്കോവിച്ചിന് ആത്മവിശ്വാസം പകരുന്നത്. മുൻനിരയിൽ ഹാരിസ് സഫറോവിചും ബ്രീൽ എംബോളോയും ഗോൾ കണ്ടെത്തുന്നത് ആശ്വാസകരമാണ്. ഗോളി യാൻ സോമർ ഫോമിലാണെങ്കിലും മാനുവൽ അകൻജി നയിക്കുന്ന പ്രതിരോധം ഇടക്കിടെ പാളുന്നത് തിരിച്ചടിയാണ്. റോഡ്രിഗ്വസ്, എൽവെദി, വിഡ്മെർ എന്നിവരാണ് പിൻനിരയിൽ ഒപ്പമുള്ളത്. ഗ്രാനിത് ഷാകയും സ്റ്റീവൻ സുബെറുമടങ്ങുന്ന മധ്യനിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. എന്നാൽ, കരുത്തരായ ഫ്രാൻസിന് തടയിടാൻ സ്വിസ് പ്രതിരോധവും മധ്യനിരയും കളിനിലവാരം ഉയർത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.