ഹയ്യാ ഉണ്ടോ... ഇന്നുമുതൽ മെട്രോ ഫ്രീ
text_fieldsദോഹ: ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ഹയ്യാ കാർഡുള്ളവർക്ക് വ്യാഴാഴ്ച മുതൽ ദോഹ മെട്രോയിൽ സൗജന്യയാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് എല്ലാ ഹയ്യാ കാർഡ് ഉടമകൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്നത്. ദോഹ മെട്രോ, ലുസൈൽ ട്രാം, കർവ ബസുകൾ ഉൾപ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങളിലും യാത്ര സൗജന്യമായിരിക്കും.
അതേസമയം, ഹയ്യാ കാർഡില്ലാത്തവർക്ക് പതിവുപോലെ പണമടച്ച ട്രാവൽ കാർഡ് വഴി തന്നെയാവും യാത്ര. വെള്ളിയാഴ്ച മുതൽ മെട്രോയുടെ പ്രവർത്തനസമയവും മാറും. ശനി മുതൽ വ്യാഴം വരെ ദിവസവും രാവിലെ ആറുമുതൽ അടുത്ത ദിവസം പുലർച്ചെ മൂന്നുവരെയായി 21 മണിക്കൂറാണ് മെട്രോയുടെ സർവിസ്. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതുമുതൽ അടുത്ത ദിനം പുലർച്ചെ മൂന്നുവരെയും സർവിസ് നടത്തും.
റെഡ് ലൈനിൽ ലഖ്തയ്ഫിയ സ്റ്റേഷനിൽനിന്നുള്ള ലുസൈൽ ട്രാമിന്റെ സേവനം നവംബർ 17 മുതൽ മെട്രോയുടേത് പോലെയായിമാറും.വെള്ളിയാഴ്ച മുതൽ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാൻഡേഡ് ആയി ക്രമീകരിക്കുമെന്നും ഖത്തർ റെയിൽ അറിയിച്ചു.ലോകകപ്പിന് വിദേശ കാണികൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറുന്ന മെട്രോയിൽ തിരക്ക് കുറക്കാനും യാത്ര കൂടുതൽ ലളിതമാക്കുന്നതിനുമായി അധിക ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയം, ഫാൻ സോൺ ഉൾപ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെടുന്ന സ്റ്റേഷനുകളിലായി 35 അധിക ഗേറ്റുകളാണ് സ്ഥാപിച്ചത്.ലുസൈലിൽ ബോളിവുഡ് മ്യൂസിക് ഫെസ്റ്റ് നടന്ന കഴിഞ്ഞ വെള്ളിയാഴ്ച 2.20 ലക്ഷം യാത്രക്കാരാണ് ദോഹ മെട്രോ വഴി സഞ്ചരിച്ചത്. ദർബ് ലുസൈൽ ഫെസ്റ്റിലും മറ്റു അനുബന്ധ പരിപാടികളിലും പങ്കുചേരുന്നതിനായിരുന്ന യാത്രകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.