സൗഹൃദ ഫുട്ബാൾ: ഒമാനെ സമനിലയിൽ തളച്ച് ഇന്ത്യ
text_fieldsദുബൈ: ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം നീലക്കുപ്പായത്തിലിറങ്ങിയ ഇന്ത്യക്ക് കരുത്തരായ ഒമാനെതിരെ വീരോചിത സമനില. ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങൾക്കു മുന്നോടിയായി നടന്ന സന്നാഹ അങ്കത്തിൽ 1-1നാണ് ഇരു ടീമുകളും പിരിഞ്ഞത്. കളിയുടെ 43ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധതാരം ചിഗ്ലൻസേന സിങ്ങിെൻറ ബൂട്ടിൽ തട്ടി സെൽഫായി പിറന്ന ഗോളിലൂടെ ഒമാൻ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മനോഹരമായി തിരിച്ചടിച്ച് ഒപ്പമെത്തി. 55ാം മിനിറ്റിലായിരുന്നു മൻവീർ സിങ്ങിെൻറ ഹെഡറിലൂടെ കണ്ണഞ്ചിപ്പിക്കുന്ന ഗോളിെൻറ പിറവി.
ഒമാൻ ഗോൾകീപ്പർ അഹമദ് അൽ റവാഹിയുടെ ക്രോസ് പിടിച്ചെടുത്ത അശുതോഷ് മെഹ്തയിലൂടെയായിരുന്നു തുടക്കം. ഒമാൻ പ്രതിരോധത്തെ വട്ടംചുറ്റി വിങ്ങിൽ സ്ഥലം കണ്ടെത്തിയ അശുതോഷ് പന്ത് ബിപിൻ സിങ്ങിലെത്തിച്ചു. മുംെബെ സിറ്റി വിങ്ങറുടെ ഉജ്ജ്വലമായ ക്രോസ് ബോക്സിനുള്ളിലെത്തിയപ്പോൾ ഒമാൻ ഡിഫൻഡറെ കടന്ന് ഹെഡ് ചെയ്ത മൻവീർ പന്ത് പിച്ച് ചെയ്യിച്ച് വലയിലേക്ക് കടത്തി.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ (റാങ്ക് 104) ഏറെ മുന്നിലുള്ള ഒമാനെതിരായ (81ാം റാങ്ക്) സമനില ലോകകപ്പ് യോഗ്യതാറൗണ്ടിലെ നിർണായക പോരാട്ടങ്ങൾക്കൊരുങ്ങുന്ന നീലക്കടുവകൾക്ക് ആത്മവിശ്വാസമാവും. ഐ.എസ്.എല്ലിലെ പ്രകടനമികവായിരുന്നു കോച്ച് ഇഗോർസ്റ്റിമാകിെൻറ ടീം ലൈനപ്പിൽ കണ്ടത്. സുനിൽ ഛേത്രിയില്ലാത്ത ടീമിെൻറ ആക്രമണത്തിൽ മൻവീർ സിങ്ങിനായിരുന്നു ചുമതല.
ബിപിൻ സിങ്, മലയാളിതാരം ആഷിഖ് കുരുണിയൻ എന്നിവരും ഒപ്പം ചേർന്നു. പ്രതിരോധത്തിൽ സന്ദേശ് ജിങ്കാന് കൂട്ടായി ചിഗ്ലനും അശുതോഷും ആകാശ് മിശ്രയും. ഗോൾകീപ്പറായി ഐ.എസ്.എൽ ചാമ്പ്യൻ ടീമിെൻറ വലകാത്ത അമരിന്ദർ സിങ്ങും. മുഹമ്മദ് അൽഗഫ്രിയും യാസിദ് മാഷാനിയും നയിച്ച ഒമാൻ മുന്നേറ്റം ആദ്യമിനിറ്റ് മുതൽ ഇന്ത്യൻ ഗോൾപോസ്റ്റിനു മുന്നിൽ ചുറ്റിക്കറങ്ങിയെങ്കിലും അമരിന്ദർ-ജിങ്കാൻ കോട്ട പൊളിക്കാനായില്ല.
27ാം മിനിറ്റിൽ ഒമാന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അബ്ദുൽ അസിസ് മഖ്ബലിയുടെ ദുർബലമായ കിക്ക് അമരിന്ദർ അനായാസം കൈയിലൊതുക്കി എതിരാളികൾക്ക് കനത്ത പ്രഹരമേൽപിച്ചു. 43ാം മിനിറ്റിൽ സാഹിർ അക്ബരി വിങ്ങിലൂടെ തൊടുത്ത ഷോട്ട് ഗോളി അമരിന്ദറിനെ കടന്ന് മുന്നേറിയപ്പോൾ, പുറത്തേക്കടിക്കാനുള്ള ചിഗ്ലൻസേനയുടെ ശ്രമം പാളി. കുലുങ്ങിയത് സ്വന്തം വല.
തുടർന്ന് ഇരു പകുതികളിലും ആക്രമണം ഒമാൻ പക്ഷത്തായിരുന്നെങ്കിലും ഉജ്ജ്വലമായ ചെറുത്തുനിൽപിലൂടെ ഇന്ത്യ ജയത്തിനൊത്ത സമനില പിടിച്ചു. മലയാളി താരം മഷൂർ ഷരീഫ് ഇഞ്ച്വറി ടൈമിൽ പകരക്കാരനായിറങ്ങി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റവും കുറിച്ചു. മാർച്ച് 29ന് യു.എ.ഇക്കെതിരെയാണ് അടുത്ത സൗഹൃദ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.