പ്രതീക്ഷയിൽ ആരാധകർ; കടമ്പകൾ ഇനിയുമേറെ
text_fieldsമലപ്പുറം: സൗഹൃദ ഫുട്ബാൾ മത്സരത്തിനായി കേരളത്തിലേക്ക് വരാൻ തയാറാണെന്ന് അർജന്റീനൻ ടീം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ പ്രതീക്ഷയുടെ കോർട്ടിലാണ് ആരാധകർ. പ്രിയ താരം മെസ്സിയും കൂട്ടരും വന്നെത്തുന്ന മുഹൂർത്തത്തിനുള്ള കാത്തിരിപ്പിലായിരിക്കും ഇനി അവർ. കേരളത്തിലേക്ക് വരുന്നതിന് സമ്മതമാണെന്ന കാര്യം മാത്രമാണ് അർജന്റീന ടീം അറിയിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ലോക ചാമ്പ്യൻമാരും ഒന്നാം നമ്പർ ടീമുമായ അർജന്റീന ലോകകപ്പ് വിജയത്തിന് ശേഷം നിരവധി രാജ്യങ്ങളിൽ സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻമാരെന്ന തലയെടുപ്പിൽ ലഭിക്കുന്ന അവസരങ്ങൾ അവരുടെ ഫുട്ബാൾ ഫെഡറേഷന് സാമ്പത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്. കളിക്കാരുടെ താരമൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചാൽ സൗഹൃദ മത്സരങ്ങൾക്ക് ടീമിനെ പറഞ്ഞയക്കാൻ തന്നെയാണ് അവരുടെ തീരുമാനമെന്ന് സമീപകാലത്തെ അവരുടെ ലോക സഞ്ചാരം നിരീക്ഷിച്ചാൽ വ്യക്തമാകും.
കേരളത്തിലേക്ക് ഏത് ടീമിനെയാണ് പറഞ്ഞയക്കുന്നതെന്ന് നിലവിൽ അർജന്റീന വ്യക്തമാക്കിയിട്ടില്ല. മെസ്സിയെ ഉൾപ്പെടുത്തിയുള്ള ടീമിനെയാണ് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വലിയൊരു പ്രതിഫലം തന്നെ അർജന്റീന ആവശ്യപ്പെട്ടേക്കാം. മെസ്സിയില്ലെങ്കിൽ പോലും വലിയ തുക ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഫുട്ബാൾ മേഖലയിലുള്ളവർ പറയുന്നു. ടീമിന്റെ താമസം, യാത്രാചെലവ് എന്നിവക്കും വലിയൊരു തുക നൽകേണ്ടി വരും.
അർജന്റീന ടീം വരികയാണെങ്കിൽ സർക്കാർ ചെലവ് മൊത്തം ഏറ്റെടുക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. സ്പോൺസർമാരെ ഉപയോഗപ്പെടുത്തി ടീം ചെലവുകൾ വഹിക്കാനാവും മിക്കവാറും സർക്കാർ ശ്രമിക്കുക. അർജന്റീന ടീമിന്റെ ആവശ്യങ്ങൾ കേരളം ഏറ്റെടുക്കുകയാണെങ്കിൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വഴി തന്നെയായിരിക്കും അവരുടെ നടപടിക്രമങ്ങൾ നടക്കുക. അതേസമയം, ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് അർജന്റീന ഫുട്ബാൾ ടീമിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
സന്തോഷം -കെ.എഫ്.എ
മലപ്പുറം: അർജന്റീന ടീം കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച വിവരം മാധ്യമങ്ങളിൽ കണ്ട അറിവ് മാത്രമേയുള്ളൂവെന്നും ലോക ചാമ്പ്യൻ ടീം നമ്മുടെ നാട്ടിലെത്തി പന്തു തട്ടിയാൽ നല്ലൊരു കളി കാണാനുള്ള അവസരം തന്നെയാവുമെന്നും കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാർ പറഞ്ഞു. അങ്ങനെയൊരു നീക്കമുണ്ടെങ്കിൽ ഫുട്ബാൾ അസോസിയേഷൻ സ്വാഗതം ചെയ്യുകയാണ്.
അർജന്റീന ടീമുമായി കൃത്യമായ ധാരണയിലെത്തിയാൽ മാത്രമേ ഫുട്ബാൾ ഫെഡറേഷനുമായുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ. ഫിഫയുടെ ലോക ഒന്നാം നമ്പർ രാജ്യമായതിനാൽ അവരുടെ പ്രതിഫലവും ആവശ്യങ്ങളും എങ്ങനെയായിക്കുമെന്നതിന് അനുസരിച്ചായിരിക്കും കേരളത്തിലേക്കുള്ള വരവിന്റെ സാധ്യതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.