എസ്തോണിയക്കെതിരെ സൗഹൃദം: അഞ്ചടിച്ച് മെസ്സി
text_fieldsപാംപ് ലോണ (സ്പെയിൻ): അൽസദാർ സ്റ്റേഡിയത്തിൽ കുഞ്ഞന്മാരായ എസ്തോണിയക്കെതിരെ സൗഹൃദമത്സരത്തിൽ നിറഞ്ഞാടി ലയണൽ മെസ്സി. അർജന്റീന നേടിയ അഞ്ചിൽ അഞ്ചു ഗോളും സ്കോർ ചെയ്ത സൂപ്പർ സ്ട്രൈക്കറുടെ പ്രകടനം ഫുട്ബാൾ റെക്കോഡ് പുസ്തകത്തിലും ചലനമുണ്ടാക്കി.
ഞായറാഴ്ച എതിരില്ലാത്ത അഞ്ചു ഗോളിനാണ് ഫിഫ റാങ്കിൽ 110ാം സ്ഥാനക്കാരായ യൂറോപ്യൻ സംഘത്തിനോട് അർജന്റീന ജയിച്ചത്. 86 ഗോളുകളുമായി മെസ്സി അന്താരാഷ്ട്ര ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനത്തേക്കു കയറി. ഹംഗറിയുടെ ഫെറെൻക് പുസ്കാസിനെയാണ് (84) പിറകിലാക്കിയത്. പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (117), ഇറാന്റെ അലി ദെയ് (109), മലേഷ്യയുടെ മുഖ്താർ ദാഹരി (89) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ആകെ ഗോൾ എണ്ണത്തിൽ ക്രിസ്റ്റ്യാനോക്ക് (815) പിറകിൽ രണ്ടാമനാണ് മെസ്സി (769). ഇക്കാര്യത്തിൽ ബ്രസീലിയൻ ഇതിഹാസം പെലെയെയും മറികടന്നിട്ടുണ്ട്.
എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റികിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ക്യാപ്റ്റൻ മെസ്സി തുടങ്ങിയത്. 45, 47, 71, 76 മിനിറ്റികളിലും ഗോൾ പിറന്നു. അർജന്റീനക്കുവേണ്ടി ഒറ്റ കളിയിൽ അഞ്ചു ഗോൾ നേടുന്ന മൂന്നാമനുമായി ലിയോ. അന്താരാഷ്ട്രതലത്തിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഒരു മത്സരത്തിൽ അഞ്ചു തവണ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോഡും ഇനി മെസ്സിക്കു സ്വന്തം. 2012ലെ ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനെതിരെ അഞ്ചു ഗോൾ പ്രകടനം നടത്തിയിരുന്നു.
അർജന്റീനക്കുവേണ്ടിയുള്ള എട്ടാമത്തെയും കരിയറിലെ 56ാമത്തെയും ഹാട്രിക്കാണ് പി.എസ്.ജി താരം നേടിയത്. ഹാട്രിക് എണ്ണത്തിലും ക്രിസ്റ്റ്യാനോക്ക് (60) പിറകിൽ രണ്ടാമനാണ് മെസ്സി. ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇതോടെ അപരാജിത യാത്ര 33ലെത്തിച്ചു. 22 ജയങ്ങളും 11 സമനിലയുമാണ് പട്ടികയിൽ. 2019 കോപ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോടാണ് അവസാനം തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.