അരങ്ങേറ്റത്തിൽ ചുവപ്പുകാർഡും മൂന്നു കളികളിൽ വിലക്കും വാങ്ങി ഫെലിക്സ്; പിന്നെയും തോറ്റ് ചെൽസി
text_fieldsടീം കരുത്തരായാലും ഇല്ലെങ്കിലും കളി ചെൽസിയോടെങ്കിൽ ഫലമുറപ്പാണെന്നതാണ് നിലവിൽ ഇംഗ്ലീഷ് ലീഗിലെ സ്ഥിതി. ദുർബലർക്ക് മുന്നിൽപോലും നീലക്കുപ്പായക്കാർ ദയനീയമായി വീഴുന്നത് പതിവുകാഴ്ച. ഇത്തവണ ഫുൾഹാമിനെതിരായ പ്രിമിയർ ലീഗ് മത്സരത്തിലാണ് ഗ്രഹാം പോട്ടറുടെ സംഘം ഒന്നിനെതിരെ രണ്ടു ഗോൾ വഴങ്ങി തോൽവിയുമായി മടങ്ങിയത്.
അറ്റ്ലറ്റികോ മഡ്രിഡിൽനിന്നെത്തി ചെൽസി നിരയിൽ അരങ്ങേറിയ ജൊആവോ ഫെലിക്സ് ചുവപ്പു കാർഡും മൂന്നു മത്സരത്തിൽ വിലക്കും വാങ്ങി മടങ്ങിയതായിരുന്നു വെള്ളിയാഴ്ചത്തെ ഹൈലൈറ്റ്. വില്യനിലൂടെ 25ാം മിനിറ്റിൽ മുന്നിലെത്തിയ ഫുൾഹാമിനെ പ്രതിരോധത്തിലാക്കി രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗലിബാലി ചെൽസിയെ ഒപ്പമെത്തിച്ചു. ഇതിനിടെയാണ് 58ാം മിനിറ്റിൽ ഗുരുതര ഫൗളിന് ഫെലിക്സ് കാർഡ് വാങ്ങി തിരിച്ചുനടക്കുന്നത്.
അതുവരെയും മികച്ച പ്രകടനം പുറത്തെടുത്ത് ചെൽസി നീക്കങ്ങളുടെ ചുക്കാൻ പിടിച്ചുനിൽക്കെയായിരുന്നു ഫെലിക്സിന്റെ പുറത്താകൽ. അതോടെ താളം തെറ്റിയ ചെൽസി നിരയിൽ ഇരട്ടി ആഘാതമായി 10 മിനിറ്റിനിടെ ഫുൾഹാം വിജയ ഗോളെത്തി. പഴുതുനൽകാത്ത നീക്കങ്ങളുമായി പിന്നെയും നിയന്ത്രണം നിലനിർത്തി ഫുൾഹാം സ്വന്തം മൈതാനത്ത് നിറഞ്ഞുനിന്നപ്പോൾ 10 പേരുമായി സമനില പിടിക്കുക പോലും ചെയ്യാനാകാതെ നീലക്കുപ്പായക്കാർ നാണക്കേടിന്റെ പുതുചരിത്രം കുറിച്ച് മടങ്ങി.
2006നു ശേഷം ആദ്യമായാണ് ചെൽസിക്കെതിരെ ഫുൾഹാം ജയിക്കുന്നത്. ജയത്തോടെ പ്രിമിയർ ലീഗിൽ ടീം ലിവർപൂളിനെ കടന്ന് ടീം ആറാം സ്ഥാനത്തേക്കു കയറി. ഇത്തവണ പ്രിമിയർ ലീഗിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീം സ്വപ്നതുല്യമായ പ്രകടനവുമായി അതിവേഗം കുതിക്കുന്നത് വമ്പന്മാർക്ക് തിരിച്ചടിയാകും. നിലവിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. ലിവർപൂൾ ഏഴാമതുമുണ്ട്.
18 കളികളിൽ 25 പോയിന്റ് മാത്രമാണ് ചെൽസിക്ക് സമ്പാദ്യം. നീണ്ട വർഷങ്ങൾക്കിടെ ടീം ഇത്രയും പിറകോട്ടുപോകുന്നത് ആദ്യം. അവസാന ഒമ്പതു മത്സരങ്ങളിൽ ഏഴും തോറ്റ ടീമിനെ രക്ഷിച്ചെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കോച്ച് ഗ്രഹാം പോട്ടർക്കു മുന്നിൽ. ആറു മാസത്തേക്ക് വായ്പാടിസ്ഥാനത്തിൽ എത്തിച്ച ഫെലിക്സ് അടുത്ത മൂന്നു മത്സരങ്ങളിലും പുറത്തിരിക്കുന്നത് ടീമിന് കനത്ത നഷ്ടമാകും. ലിവർപൂൾ, ക്രിസ്റ്റൽ പാലസ് ഉൾപ്പെടെ ടീമുകളുമായുള്ള മത്സരങ്ങൾ നഷ്ടമാകുന്നവയിൽ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.