ഫുൾഫോമിൽ ഫുൾഹാം; അടിതെറ്റി ലെസസ്റ്റർ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസസ്റ്റർ സിറ്റിയെ മൂന്നിനെതിരെ അഞ്ച് ഗോളിന് കീഴടക്കി ഫുൾഹാം. ഒപ്പത്തിനൊപ്പം പോരാടിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് മുൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. 2016ൽ അതിശയിപ്പിക്കുന്ന കുതിപ്പോടെ ലീഗ് ചാമ്പ്യന്മാരായ ടീമിന് 35 മത്സരങ്ങളിൽ 30 പോയന്റ് മാത്രമാണ് ഇപ്പോൾ സമ്പാദ്യം. 18ാം സ്ഥാനത്തുള്ള അവർ തരംതാഴ്ത്തൽ ഭീഷണിയിലുമാണ്. അതേസമയം, 48 പോയന്റുള്ള ഫുൾഹാം പത്താം സ്ഥാനത്താണ്.
പത്താം മിനിറ്റിൽ വില്യന്റെ ഫ്രീകിക്ക് ഗോളിലൂടെയാണ് ഫുൾഹാം അക്കൗണ്ട് തുറന്നത്. 18ാം മിനിറ്റിൽ വിൽസന്റെ അസിസ്റ്റിൽ ആൽവെസ് മൊറെയ്സും 44ാം മിനിറ്റിൽ മൊറെയ്സിന്റെ പാസിൽ കെയർനിയും ഗോൾ നേടിയതോടെ ഇടവേളക്ക് പിരിയുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു ഫുൾഹാം. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റിനകം കെയർനി വീണ്ടും ലക്ഷ്യം കണ്ടതോടെ ലെസസ്റ്റർ നാണംകെട്ട പരാജയം മുന്നിൽ കണ്ടു. എന്നാൽ, 59ാം മിനിറ്റിൽ ഹാർവി ബാർനെസിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. 66ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജാമി വാർഡി പാഴാക്കിയത് സന്ദർശകർക്ക് വൻ തിരിച്ചടിയായി. നാല് മിനിറ്റിനകം വില്യൻ ഒരിക്കൽ കൂടി ലക്ഷ്യം കണ്ടതോടെ ഫുൾഹാമിന്റെ ലീഡ് വീണ്ടും നാലായി. 81ാം മിനിറ്റിൽ ലെസസ്റ്ററിന് ലഭിച്ച പെനാൽറ്റി മാഡിസൺ വലയിലെത്തിച്ചതോടെ സ്കോർ 5-2 എന്ന നിലയിലെത്തി. കളി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ബാർനെസ് വീണ്ടും ഗോൾ നേടിയതോടെ ലെസസ്റ്റർ തോൽവിഭാരം കുറക്കുകയായിരുന്നു.
മറ്റു മത്സരങ്ങളിൽ 17ാം സ്ഥാനത്തുള്ള എവർട്ടൻ ഒന്നിനെതിരെ അഞ്ച് ഗോളിന് ഏഴാം സ്ഥാനത്തുള്ള ബ്രൈറ്റണെയും നോട്ടിങ്ഹാം ഫോറസ്റ്റ് അവസാന സ്ഥാനത്തുള്ള സതാംപ്ടണെ 4-3നും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.