പോർച്ചുഗലിനെ 'ജയിപ്പിച്ച്' ഇഞ്ചുറി സമയത്തെ ഗോൾ റഫറി നിഷേധിച്ചു; ക്യാപ്റ്റന്റെ ആംബാൻഡ് എറിഞ്ഞ് മൈതാനം വിട്ട് ക്രിസ്റ്റ്യാനോ പ്രതിഷേധം
text_fields
മഡ്രിഡ്: സെർബിയക്കെതിരെ കളി 2-2ന് സമനിലയിൽ നിൽക്കെ ഇഞ്ചുറി സമയത്ത് പോർച്ചുഗൽ ക്യാപ്റ്റൻ കൂടിയായ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണിപ്പോൾ ഫുട്ബാൾ ലോകത്ത് വിഷയം. ലോകകപ്പ് യോഗ്യത തേടിയുള്ള രണ്ടാം അങ്കത്തിൽ പോർച്ചുഗലിന് ജയം നൽകുമായിരുന്ന ഗോളാണ് റഫറിയുടെ തെറ്റായ തീരുമാനത്തിൽ വഴിമാറിയത്. 92ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ഗോളടിച്ചത്. ഗോൾവര കടന്ന പന്ത് പക്ഷേ, കടന്നില്ലെന്ന് ധരിച്ച് ഡച്ച് റഫറി ഡാനി മക്കലി നിഷേധിച്ചു. ഇതോടെ പ്രതിഷേധം പരസ്യമാക്കി ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആംബാൻഡ് എറിഞ്ഞ് മൈതാനം വിട്ടു. റീെപ്ലകളിൽ ഗോളാണെന്ന് വ്യക്തമായിരുന്നു. റഫറി അബദ്ധം തിരുത്തിയില്ലെന്ന് മാത്രമല്ല, ക്രിസ്റ്റ്യാനോക്ക് മഞ്ഞക്കാർഡും നൽകി. കളി 2-2ന് സമനിലയിൽ പിരിഞ്ഞു.
മത്സര ശേഷം സമൂഹ മാധ്യമത്തിലെത്തിയ ക്രിസ്റ്റ്യാനോ വൈകാരികമായാണ് പ്രതികരിച്ചത്. ''പോർച്ചുഗൽ ടീമിനെ നയിക്കാനുള്ള നിയോഗം ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനവും വിശേഷാവകാശവുമായാണ് ഞാൻ കാണുന്നത്. എന്‍റെ രാജ്യത്തിന് എന്നാലാവുന്നത് എപ്പോഴും ഞാൻ ചെയ്യും, അങ്ങനെ ആഗ്രഹിക്കുകയും ചെയ്യുന്നു. അതൊരിക്കലും മാറില്ല. പക്ഷേ, ചില സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ വിഷമമാകും. എന്‍റെ രാജ്യത്തിന് മുറിവേൽക്കുേമ്പാൾ പ്രത്യേകിച്ചും. ഇനിയും തലയുയർത്തിപ്പിടിക്കാം, എന്നിട്ട് അടുത്ത വെല്ലുവിളി നേരിടാം''- ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ റോണോ കുറിപ്പ്.
മറുവശത്ത്, 10 പേരായി ചുരുങ്ങിയ സെർബിയക്ക് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യമായിരുന്നു സമനില.
കളിക്കു ശേഷം സമൂഹ മാധ്യമങ്ങളിൽ റൊണാൾഡോക്ക് പിന്തുണയർപിച്ച് ആയിരങ്ങൾ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.