പി.എസ്.ജിയിൽ ഇനി പെനാൽറ്റി കിക്ക് എടുക്കുക ഈ കളിക്കാരൻ...
text_fieldsപാരിസ്: പെനാൽറ്റി കിക്ക് ആരെടുക്കും എന്നതിനെച്ചൊല്ലി മൈതാനമധ്യത്ത് ഉടലെടുത്ത തർക്കം തങ്ങളെ ഏറെ പരിഹാസ്യരാക്കിയതിനൊടുവിൽ പ്രശ്നപരിഹാരത്തിന് പി.എസ്.ജി കോച്ച് ക്രിസ്റ്റഫർ ഗാറ്റ്ലിയറുടെ കർശനതീരുമാനം. മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിനിടെ പെനാൽറ്റി കിക്കെടുക്കാൻ പന്തെടുത്ത് ബോക്സിലെത്തിയ നെയ്മറുമായി ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ പരസ്യമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. ടീമിൽ എംബാപ്പെയും നെയ്മറും തമ്മിലുള്ള 'ഉടക്കി'ന് ഇത് ആക്കം കൂട്ടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കോച്ച് ക്രിസ്റ്റഫർ ഗാറ്റ്ലിയർ പി.എസ്.ജിയുടെ പെനാൽറ്റി കിക്കുകൾ ആരെടുക്കണമെന്ന കാര്യത്തിൽ തീരുമാനവുമായി രംഗത്തുവന്നത്. കോച്ചിന്റെ തീരുമാനം അനുസരിച്ച് എംബാപ്പെയാണ് ക്ലബിന്റെ ഫസ്റ്റ് ചോയ്സ് പെനാൽറ്റി ടേക്കർ. നെയ്മർ ഇക്കാര്യത്തിൽ രണ്ടാമനാണ്.
മത്സരത്തിൽ ലഭിക്കുന്ന ആദ്യ പെനാൽറ്റി കിക്ക് എംബാപ്പെ എടുക്കും. രണ്ടാമതൊരു പെനാൽറ്റി ലഭിച്ചാൽ അത് നെയ്മറിനുള്ളതാണ്. കഴിഞ്ഞ കളിയിലേതുപോലുള്ള രംഗങ്ങൾ ഇനി ഉണ്ടാവാൻ പാടില്ല എന്ന കർശന നിർദേശവുമായാണ് പുതിയ തീരുമാനം. ഇരുകളിക്കാരെയും ഒന്നിച്ചിരുത്തിയാണ് ഗാറ്റ്ലിയർ തീരുമാനത്തിലെത്തിയത്.
തന്റെ മുൻ ക്ലബായ ബാഴ്സലോണയിൽ ടീമിന്റെ പെനാൽറ്റി കിക്ക് എടുത്തിരുന്ന വിഖ്യാത താരം ലയണൽ മെസ്സി പി.എസ്.ജിയിൽ പെനാൽറ്റി കിക്ക് എടുക്കുന്നതിനുള്ള എംബാപ്പെ-നെയ്മർ തർക്കം കണ്ട് സ്വയം മാറി നിൽക്കുകയാണ്. ഇരുവർക്കുമിടയിലെ തർക്കത്തിലേക്ക് താൻകൂടി വേണ്ടതില്ലെന്ന ചിന്തയിലാണ് അർജന്റീനക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.