യൂറോയിലെ സമനിലക്ക് പിന്നാലെ ഇംഗ്ലീഷ് കോച്ച് സൗത്ത്ഗേറ്റിന് നേരെ കുപ്പിയേറ്, ടീമംഗങ്ങളെ കൂവി വിളിച്ച് ആരാധകർ
text_fieldsയുറോയിൽ സ്ലോവേനിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് സമനില വഴങ്ങിയതോടെ പരിശീലകൻ ഗാരേത് സൗത്ത്ഗേറ്റിന് നേരെ പ്രതിഷേധം. മത്സരം പൂർത്തിയായതിന് പിന്നാലെ കോച്ചിന് നേരെ ആരാധകർ കുപ്പിയെറിയുകയായിരുന്നു. കൂവലോടെയാണ് ഇംഗ്ലീഷ് താരങ്ങളെ ആരാധകർ യാത്രയാക്കിയത്. മത്സരത്തിന് പിന്നാലെ കുപ്പിയേറ് ഉൾപ്പടെയുള്ള സംഭവങ്ങളിൽ സൗത്ത്ഗേറ്റ് പ്രതികരിക്കുകയും ചെയ്തു.
തനിക്കിത് മനസിലാകുമെന്നായിരുന്നു ആരാധക രോഷത്തോടുള്ള സൗത്ത്ഗേറ്റിന്റെ പ്രതികരണം. എന്തുണ്ടായാലും ടീമിനൊപ്പം ഉറച്ച് നിൽക്കും. ആരാധകർ അസാധാരണമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ മറ്റൊരു ടീമിനും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ലെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.മൂന്ന് പ്ലാസ്റ്റിക് കുപ്പികൾ തന്റെ സമീപത്ത് പതിച്ചുവെന്നും സൗത്ത്ഗേറ്റ് കൂട്ടിച്ചേർത്തു.
യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ സ്ലോവേനിയ ഗോൾരഹിത സമനിലയിൽ പൂട്ടിയിരുന്നു. കൊളോണിൽ നടന്ന പോരാട്ടത്തിൽ ഹാരി കെയിനും ബുക്കായോ സാക്കായും ഫിൽ ഫോഡനും ഉൾപ്പെടുന്ന ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്നേറ്റനിര പഠിച്ചപ്പണി പലതും പയറ്റിട്ടും ഗോൾ കണ്ടെത്താനായില്ല.
പന്തിന്മേലുള്ള നിയന്ത്രണം ഏറിയ പങ്കും കൈയ്യടക്കി വെച്ചത് ഇംഗ്ലീഷുകാരായിരുന്നെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു പന്തുപോലും പായിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഗോളിലേക്കെന്ന് തോന്നിയ മുന്നേറ്റങ്ങളേറെ കണ്ടെങ്കിലും സ്ലൊവേനിയൻ പ്രതിരോധത്തിൽ തട്ടി ഗോൾ അകലുകയായിരുന്നു. മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.