ഗർണാച്ചോ ഗർജനം; വില്ലൊടിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ തിരിച്ചുവരവ്
text_fieldsമാഞ്ചസ്റ്റർ: അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കാത്ത വലയിൽ രണ്ടുതവണ പന്തടിച്ചുകയറ്റിയ അർജന്റീന യുവതാരം അലജാന്ദ്രൊ ഗർണാച്ചോയുടെ മികവിൽ ആസ്റ്റൻ വില്ലക്കെതിരെ ജയിച്ചുകയറി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക പോരിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ ഗംഭീരമായി മൂന്നുഗോൾ തിരിച്ചടിച്ചാണ് യുനൈറ്റഡ് ജയം പിടിച്ചത്.
കളി തുടങ്ങി പത്താം മിനിറ്റിൽ മാഞ്ചസ്റ്റർ താരം എറിക്സണ് അക്കൗണ്ട് തുറക്കാൻ അവസരമൊത്തെങ്കിലും ദുർബല ഷോട്ട് മാർട്ടിനസ് കൈയിലൊതുക്കി. 21ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് വില്ല താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ആദ്യ ഗോളിലേക്ക് വഴിതുറന്നത്. ജോൺ മക്ഗ്ലിൻ എടുത്ത കിക്ക് ബോക്സിൽ കൂടിനിന്നവർക്കും ഗോൾകീപ്പർ ഒനാനക്കും ഇടയിലൂടെ വലയിൽ കയറുകയായിരുന്നു. അഞ്ച് മിനിറ്റിനകം യുനൈറ്റഡ് രണ്ടാം ഗോളും വഴങ്ങി. ആസ്റ്റൻ വില്ലക്കനുകൂലമായി ലഭിച്ച കോർണറിൽ ലെങ് ലെറ്റ് തലവെച്ചപ്പോൾ പന്തെത്തിയത് ലിയാണ്ടർ ഡെൻഡോർകറുടെ നേരെയായിരുന്നു. പന്ത് നിലംതൊടും മുമ്പ് താരം മനോഹര ബാക്ക് ഫ്ലിക്കിലൂടെ വലയിലേക്ക് വഴിതിരിച്ചുവിട്ടു.
35ാം മിനിറ്റിൽ റാഷ്ഫോഡിന്റെ ഉശിരൻ ഷോട്ട് മാർട്ടിനസ് ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. ഇടവേളക്ക് തൊട്ടുമുമ്പും റാഷ്ഫോഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ടുതിർത്തത് പുറത്തേക്കായിരുന്നു. രണ്ടാം പകുതി തുടങ്ങിയയുടൻ റാഷ്ഫോഡിന്റെ പാസിൽ മാർട്ടിനസിനെയും വെട്ടിച്ച് ഗർണാച്ചോ പന്ത് വലയിലെത്തിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ഓഫ്സൈഡായി. എന്നാൽ, 58ാം മിനിറ്റിൽ ഇരുവരും ചേർന്ന് തന്നെ ഇതിന്റെ അരിശം തീർത്തു. ഇടതുവിങ്ങിലൂടെ മുന്നേറി റാഷ്ഫോഡ് നൽകിയ ക്രോസ് ഗർണാച്ചോ ലക്ഷ്യത്തിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 70ാം മിനിറ്റിൽ യുനൈറ്റഡിന്റെ സമനില ഗോളുമെത്തി. വലതുവിങ്ങിൽനിന്ന് ഗർണാച്ചോയിൽ എത്തിയ ബാൾ പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോൾ എതിർതാരത്തിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. കളി തീരാൻ എട്ട് മിനിറ്റ് ശേഷിക്കെ റാസ്മസ് ഹോജ്‍ലുണ്ടിലൂടെയായിരുന്നു യുനൈറ്റഡിന്റെ വിജയഗോൾ. ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്ക് എതിർ താരത്തിന്റെ കാലിൽ തട്ടി ഹോജ്‍ലുണ്ടിലെത്തുകയും ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയുമായിരുന്നു.
ജയത്തോടെ 31 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കയറി. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ലിവർപൂൾ 42 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണൽ 40 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. ഡാർവിൻ ന്യൂനസും ഡിയോഗോ ജോട്ടയുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. മറ്റു മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് 3-1ന് ന്യൂകാസിൽ യുനൈറ്റഡിനെയും ബേൺമൗത്ത് 3-0ത്തിന് ഫുൾഹാമിനെയും ല്യൂട്ടൺ ടൗൺ 3-2ന് ഷെഫീൽഡ് യുനൈറ്റഡിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.