സ്പാനിഷ് ആക്രമണം; പിടിച്ചുകെട്ടി ജോർജിയ
text_fieldsയൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്പെയിനിന്റെ തുടരൻ ആക്രമങ്ങളെ പ്രതിരോധത്തിലൂടെ പിടിച്ചുകെട്ടി ജോർജിയ. സെൽഫ് ഗോളിൽ മുന്നിലെത്തിയ ജോർജിയക്കെതിരെ റോഡ്രിയുടെ ഗോളിലൂടെ സ്പെയിൻ മറുപടി നൽകിയതോടെ ആദ്യ പകുതി 1-1ൽ അവസാനിക്കുകയായിരുന്നു.
മനോഹര പാസിങ് ഗെയിമിലൂടെ എതിർ ബോക്സിലേക്ക് സ്പെയിൻ നിരന്തരം കടന്നുകയറിയെങ്കിലും എതിർ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ലാമിൻ യമാലും നികോ വില്യംസും പെഡ്രിയുമെല്ലാം പലതവണ എതിർഗോൾമുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും പ്രതിരോധക്കോട്ട തകർക്കാനായില്ല. കൗണ്ടർ അറ്റാക്കുകളിലൂടെ സ്പാനിഷ് ഗോൾമുഖത്ത് ഇടക്ക് ഭീതി പരത്തിയായിരുന്നു ജോർജിയയുടെ മറുപടി.
18ാം മിനിറ്റിൽ അപ്രതീക്ഷിതമായി സ്പാനിഷ് വലയിൽ പന്തെത്തി. ജോർജിയൻ കൗണ്ടർ അറ്റാക്കിനിടെ കാകബദ്സെയുടെ ക്രോസ് തടയാനുള്ള ശ്രമത്തിൽ റോബിൻ ലെ നോർമാൻഡിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. എന്നാൽ, ജോർജിയയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. ആദ്യപകുതി അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ നികോ വില്യംസ് നൽകിയ പാസ് റോഡ്രി ജോർജിയൻ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ആദ്യപകുതിയിൽ 17 ഷോട്ടുകളാണ് സ്പെയിൻ എതിർ പോസ്റ്റിന് നേരെ തൊടുത്തുവിട്ടത്. ഇതിൽ ആറും വലക്ക് നേരെയാണ് കുതിച്ചത്. അതേസമയം, ജോർജിയയുടെ ഷോട്ടുകൾ വെറും രണ്ടിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.