പറങ്കികൾ വീണു, ജോർജിയക്ക് ചരിത്ര ജയം; ചെക്കിനെ തറപറ്റിച്ച് തുർക്കിയയും പ്രീക്വാർട്ടറിൽ
text_fieldsഡോർട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീ ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ടുഗോളിനാണ് പറങ്കിപ്പടയെ വീഴ്ത്തിയത്. യൂറോയിൽ കന്നി അങ്കത്തിനിറങ്ങിയ ജോർജിയ ഗ്രൂപ് എഫിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. വിച്ച ക്വാരറ്റ്സ്ഖേലിയയും ജോർജസ് മിക്കൗതാഡ്‌സെയുമാണ് ജോർജിയക്ക് വേണ്ടി ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനെ 2-1 ന് കീഴടക്കി തുർക്കിയ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ചെക്ക് റിപബ്ലിക് നോക്കൗട്ട് കാണാതെ പുറത്തായി.
ആദ്യ രണ്ടുമത്സരങ്ങൾ ജയിച്ച് നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളെ ബെഞ്ചിലിരുത്തിയാണ് തുടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച മുന്നേറ്റ നിരയിൽ യുവ താരങ്ങളായ ഫ്രാൻസിസ്കോ കോൺസൈസോ, ജാവോ ഫെലിക്സുമാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ പോർച്ചുഗലിനെ ഞെട്ടിച്ച് ജോർജിയ ലീഡെടുത്തു. ജോർജസ് മിക്കൗതാഡ്‌സെയുടെ പാസിൽ സ്ട്രൈക്കർ വിച്ച ക്വാരറ്റ്സ്ഖേലിയയാണ് ജോർജിയയെ മുന്നിലെത്തിച്ചത്. പന്തിന്മേലുള്ള നിയന്ത്രണം ഏറിയ പങ്കും പോർച്ചുഗലിെൻറ കയ്യിലായിരുന്നെങ്കിലും തുടരെ തുടരെയുള്ള ജോർജിയയുടെ കൗണ്ടർ അറ്റാക്കുകളുമായി കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
57ാം മിനിറ്റിൽ ജോർജിയ ലീഡ് ഇരട്ടിയാക്കി. ജോർജിയക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർജസ് മിക്കൗതാഡ്‌സെ പിഴവുകളില്ലാതെ വലയിലെത്തിച്ചു.
ജോർജിയൻ ഗോൾമുഖത്ത് ഡസൻ കണക്കിന് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒരണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ പോർചുഗലിനായില്ല.
ചെക്കിന് മടക്ക ടിക്കറ്റ് നൽകി തുർക്കിയ
മുന്നേറ്റ താരം അന്റോനിൻ ബാറാക് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ചെക്ക് റിപബ്ലിക് ദുർബലമാവുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതി ഗോൾ രഹിതമായി പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ 51 ാം മിനിറ്റിൽ തുർക്കി ലീഡെടുത്തു. ഇസ്മായിൽ യുക്സേക് നൽകിയ പാസിൽ ഹകാൻ കാൽഹാനോഗ്ലുവിന്റെ വെടിച്ചില്ല് ഷോട്ട് ചെക്കിന്റെ വലതുളച്ച് കയറി.
എന്നാൽ, 66ാം മിനിറ്റിൽ തോമസ് സുസേക്കിലൂടെ ചെക്ക് മറുപടി ഗോൾ നേടി. എന്നാൽ, ഫൈനൽ വിസിൽ മുഴങ്ങാൻ കാത്തിരിക്കെ 94ാം മിനിറ്റിൽ മുൻപ് തുർക്കി വിജയ ഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ സെൻക് ടോസനാണ് ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.