ഫലസ്തീനെ പിന്തുണച്ച ബയേൺ മ്യൂണിക്ക് താരത്തെ ക്ലബിൽനിന്ന് പുറത്താക്കണമെന്ന് ജർമൻ എം.പി
text_fieldsമ്യൂണിക്ക്: ഫലസ്തീനെ പിന്തുണച്ച ബയേൺ മ്യൂണിക്ക് താരത്തെ ക്ലബിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ജർമൻ പാർലമെന്റംഗം. ബയേൺ മ്യൂണിക്ക് ഡിഫൻഡറായ നുസൈർ മസ്റൂയിയാണ് സമൂഹ മാധ്യമങ്ങളിൽ ഫലസ്തീനെ പിന്തുണച്ച് പോസ്റ്റിട്ടത്. ‘ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ഫലസ്തീന് പോരാടി ജയിക്കാൻ കഴിയട്ടെ’ എന്ന് കുറിപ്പിട്ട മസ്റൂയിക്കെതിരെ ജർമൻ എം.പി ജൊഹാനസ് സ്റ്റീനിഗറാണ് രംഗത്തുവന്നത്. ഫലസ്തീൻ പതാകയോടൊപ്പമായിരുന്നു നുസൈറിന്റെ പോസ്റ്റ്.
‘കുർട്ട് ലാൻഡോയറുടെ ക്ലബായ ബയേൺ ജൂതന്മാരുടെ ക്ലബാണെന്ന് നാസികളടക്കം ആക്ഷേപാത്മകമായി പറഞ്ഞുകൊണ്ടിരുന്നതാണ്. അത്തരമൊരു ക്ലബ് ഈ ചെയ്തി നോക്കിയിരിക്കരുത്. അതിലുപരി, രാജ്യം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തെ ജർമനിയിൽനിന്നുതന്നെ പുറത്താക്കണം’ -ജൊഹാനസ് സ്റ്റീനിഗർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജർമൻ ദിനപത്രമായ ‘ബിൽഡ്’ തങ്ങളുടെ ഒരു വാർത്തയിൽ മസ്റൂയിയെ വിശേഷിപ്പിച്ചത് ‘തീവ്രവാദത്തെ പിന്തുണക്കുന്നയാൾ’ എന്നാണ്. ഇസ്രായേൽ അനുകൂലികൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തുവന്നതോടെ തന്റെ പോസ്റ്റിന് വിശദീകരണവുമായി മസ്റൂയിക്ക് മറ്റൊരു പോസ്റ്റുമായി രംഗത്തുവരേണ്ടിവന്നു. ബയേൺ മ്യൂണിക്കും പിന്നീട് താരത്തിന്റെ നിലപാടിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ‘ക്ലബിലെ ഓരോ കളിക്കാരനും ജീവനക്കാരനും ഉൾപെടെയുള്ള എല്ലാവരും ബയേൺ ഫുട്ബാൾ ക്ലബ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ അറിഞ്ഞിരിക്കണം. ഈ മൂല്യങ്ങൾ ഞങ്ങൾ പൊതുവായി പങ്കുവെക്കുകയും അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്’ -ക്ലബ് വിശദീകരിച്ചു.
‘ഞാൻ എന്തിനാണ് നിലകൊള്ളുന്നതെന്ന് ഇവിടെ വിശദീകരിക്കേണ്ടി വരുന്നതിൽ നിരാശയുണ്ട്. നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന അവസ്ഥയാണുള്ളത്. ലോകത്ത് സമാധാനത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമെന്നതാണ് ഞാൻ ഉയർത്തിപ്പിടിക്കുന്ന നിലപാട്. എല്ലാതരം ഭീകരവാദത്തിനും വെറുപ്പിനും അക്രമത്തിനും ഞാൻ എതിരാണെന്നുതന്നെയാണ് അതിനർഥം. അവക്കെതിരായ പോരാട്ടങ്ങൾക്ക് ഞാൻ എപ്പോഴും പിന്തുണ നൽകും’ -മസ്റൂയി എഴുതി. ബയേൺ മ്യൂണിക്കിന്റെ ഇസ്രായേലി ഗോൾകീപ്പർ ഡാനിയൽ പെരെസ് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
നെതർലൻഡ്സിൽ ജനിച്ച മസ്റൂയി മൊറോക്കൻ വംശജനാണ്. മൊറോക്കോ ദേശീയ ടീമിനുവേണ്ടിയാണ് രാജ്യാന്തര തലത്തിൽ കളത്തിലിറങ്ങുന്നത്. അയാക്സിന്റെ യൂത്ത് ടീമിലൂടെ കളിച്ചുവളർന്ന ഫുൾബാക്ക്, 2018 മുതൽ നാലു വർഷം അയാക്സ് സീനിയർ ടീമിനുവേണ്ടി ബൂട്ടുകെട്ടി. 2002 മേയ് 24നാണ് ബയേൺ മ്യൂണിക്കുമായി നാലുവർഷത്തെ കരാറിൽ ഒപ്പുവെച്ചത്. നിലവിൽ മൊറോക്കൻ ദേശീയ ടീമിനൊപ്പം ആഫ്രിക്കയിലാണ് മസ്റൂയി ഉള്ളത്.
ഫ്രഞ്ച് ലീഗിൽ നീസിന് കളിക്കുന്ന അൾജീരിയൻ താരം യൂസുഫ് അതാലിനും ഇതേ രീതിയിലുള്ള അനുഭവമായിരുന്നു. ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ പോസ്റ്റിട്ടതിന് നാനാഭാഗത്തുനിന്നും എതിർപ്പുയർന്നു. നീസിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി തന്നെ അതാൽ മാപ്പുപറയണമെന്ന ആവശ്യമുയർത്തി. മാപ്പു പറഞ്ഞില്ലെങ്കിൽ ക്ലബിൽ ഇടമുണ്ടാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. ഫ്രഞ്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവായ എറിക് സിയോറ്റിയും ഇതേ ആവശ്യമുയർത്തി. ഒടുവിൽ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയാൻ അതാൽ നിർബന്ധിതനാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.