ജർമനിയെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദമത്സരത്തിൽ ജയം 4-1ന്
text_fieldsസൗഹൃദമത്സരത്തിൽ ജർമനിയെ അട്ടിമറിച്ച് ജപ്പാന്റെ വിജയഗാഥ. 4-1 എന്ന സ്കോറിനാണ് ജർമനിയെ ജപ്പാൻ തകർത്തത്. 2024ലെ യുറോ കപ്പിനൊരുങ്ങുന്ന ജർമനിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ജപ്പാനുമായുള്ള മത്സരത്തിലെ പരാജയം. ജർമനിയുടെ തുടർച്ചയായ മൂന്നാമത്തെ പരാജയമാണ് ജപ്പാനെതിരായ മത്സരത്തിലുണ്ടായത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ജർമനി തോറ്റിരുന്നു. ഒമ്പത് മാസം മാത്രമാണ് ഇനി യുറോ കപ്പിന് ബാക്കിയുള്ളത്.
11മിനിറ്റിലാണ് ആതിഥേയരുടെ വിജയം കാണുന്നതിനായി തടിച്ചുകൂടിയ കാണികളെ നിശബ്ദരാക്കി ജപ്പാൻ ആദ്യ ഗോൾ നേടിയത്. ജുൻയയിലൂടെയാണ് ജപ്പാന്റെ ഗോൾ പിറന്നത്. 19ാം മിനിറ്റിൽ ജർമ്മനി തിരിച്ചടിച്ചു. ലേറോയ് സാനയിലൂടെയായിരുന്നു ഗോൾ. കോച്ച് ഹാൻസി ഫ്ലിക്ക് ആശ്വസിക്കാൻ വകനൽകിയ ഗോൾ പിറന്ന് മൂന്ന് മിനിറ്റിനകം ജപ്പാൻ വീണ്ടും ഗോളടിച്ചു. ഇക്കുറി അയസ് ഉഡേയുടേതായിരുന്നു ഊഴം. 22ാം മിനിറ്റിലാണ് ഉഡേയുടെ ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിനുള്ള അവസരം കൂടി ജപ്പാൻ താരങ്ങൾ തുറന്നെടുത്തുവെങ്കിലും ജർമ്മൻ ഗോൾകീപ്പറുടെ ഇടപെടലിൽ അത് ഗോളായില്ല.
രണ്ടാം പകുതിയിലും തിരിച്ചടിക്കാൻ ജർമനിയും ലീഡുയർത്താൻ ജപ്പാനും ശ്രമിച്ചുവെങ്കിലും മികച്ചൊരു മുന്നേറ്റമുണ്ടായത് 70ാം മിനിറ്റിലാണ്. എന്നാൽ, ഗോളിയെ മറികടന്ന് വലകുലുക്കാൻ ജപ്പാന് കഴിഞ്ഞില്ല. ഒടുവിൽ 90ാം മിനിറ്റിൽ അസാനോയിലൂടെ ജപ്പാൻ മൂന്നാം ഗോൾ കുറിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ടനാക്കയിലൂടെ നാലാം ഗോളും നേടി ജപ്പാൻ ജർമൻ വധം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.