ഖത്തർ ലോകകപ്പിന് ടിക്കറ്റെടുക്കുന്ന ആദ്യ ടീമായി ജർമനി; മാസിഡോണിയയെ തകർത്തത് നാലുഗോളിന്
text_fieldsഒരു വർഷമടുത്തെത്തിനിൽക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമനി. യൂറോപ്പിൽനിന്നുള്ള 13 ടീമുകളിൽ ആദ്യ സംഘമായാണ് ജർമനി ടിക്കറ്റുറപ്പിച്ചത്. കരുത്തരായ നെതർലൻഡ്സ്, തുർക്കി, നോർവേ, ചെക് റിപ്പബ്ലിക് ടീമുകളും ജയത്തോടെ സാധ്യത വർധിപ്പിച്ചപ്പോൾ സമനിലയിൽ കുടുങ്ങിയ ക്രൊയേഷ്യയും പ്രതീക്ഷ കാത്തു.
ജർമനി 4-0ത്തിന് നോർത്ത് മാസിഡോണിയയെ തകർത്തപ്പോൾ നെതർലൻഡ്സ് 6-0ത്തിന് ജിബ്രാൾട്ടറിനെ മുക്കി. നോർവേ 2-0ത്തിന് മോണ്ടിനെഗ്രോയെയും ചെക് റിപ്പബ്ലിക് അതേ മാർജിന് ബെലറാസിനെയും തുർക്കി 2-1ന് ലാത്വിയയെയും വെയിൽസ് 1-0ത്തിന് എസ്തോണിയയെയും ഐസ്ലൻഡ് 4-0ത്തിന് ലീച്ചെൻസ്റ്റൈനെയും റഷ്യ 2-1ന് സ്ലൊവേനിയയെയും റുേമനിയ 1-0ത്തിന് അർമീനിയയെയും തോൽപിച്ചപ്പോൾ ക്രൊയേഷ്യ-സ്ലൊവാക്യ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.
ഗ്രൂപ് ഇ
കഴിഞ്ഞദിവസം കളത്തിലിറങ്ങിയിട്ടില്ലാത്ത ബെൽജിയമാണ് മുന്നിൽ (16). ജയത്തോടെ ചെക് റിപ്പബ്ലികിനും വെയിൽസിനും 11 പോയൻറ് വീതമായി. കീഫർ മുറിെൻറ ഗോളിലാണ് വെയിൽസ് എസ്തോണിയയെ കീഴടക്കിയത്. പാട്രിക് ഷിക്കിെൻറയും അദം ഹ്ലോസെകിനെയും ഗോളുകളിൽ ചെക് റിപ്പബ്ലിക് ബെലറൂസിനെയും തോൽപിച്ചു. എസ്തോണിയക്ക് നാലും ബെലറൂസിന് മൂന്നും പോയൻറാണുള്ളത്. അടുത്ത കളിയിൽ എസ്തോണിയയെ തോൽപിച്ചാൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ ബെൽജിയത്തിന് യോഗ്യത നേടാം.
ഗ്രൂപ് ജി
കടുത്ത മത്സരം നടക്കുന്ന ഗ്രൂപ്പിൽ മുൻനിരയിലുള്ള നെതർലൻഡ്സ് (19), നോർവേ (17), തുർക്കി (15) ടീമുകളെല്ലാം ജയിച്ചു. തുടർച്ചയായ നാലാം ജയത്തോടെയാണ് ഓറഞ്ചുപട ഒന്നാം സ്ഥാനം നിലനിർത്തിയത്. സൂപ്പർ താരം മെംഫിസ് ഡിപായ് രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു. ഒമ്പത് ഗോളും ആറ് അസിസ്റ്റുമായി യോഗ്യതറൗണ്ടിൽ രണ്ടു വിഭാഗത്തിലും മുന്നിൽനിൽക്കുന്ന ഡിപായ് ഈ വർഷം 14 ഗോളുമായി ഒരു വർഷത്തിൽ കൂടുതൽ ഗോൾ നേടുന്ന ഡച്ച് താരവുമായി. പാട്രിക് ക്ലൈവർട്ടിെൻറ 12 ഗോൾ റെക്കോഡാണ് തകർത്തത്. വിർജിൽ വാൻഡൈക്, ഡെൻസൽ ഡംഫ്രൈസ്, അർനൗട്ട് ഡാൻയുമ, ഡോണിൽ മാലൻ എന്നിവരായിരുന്നു മറ്റു സ്കോറർമാർ. ഇഞ്ചുറി സമയത്തിെൻറ അവസാനം ബുറാക് യിൽമാസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് തുർക്കി 2-1ന് ലാത്വിയയെ മറികടന്നത്. പരിക്കിലുള്ള സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിനെ കൂടാതെയിറങ്ങിയ നോർവേക്കായി മോണ്ടിനെഗ്രോക്കെതിരെ മുഹമ്മദ് അൽയൂനുസിയാണ് രണ്ടു ഗോളുകളും സ്കോർ ചെയ്തത്.
ഗ്രൂപ് എച്ച്
ജയം നേടിയ റഷ്യയാണ് (19) മുന്നിൽ. സമനില വഴങ്ങിയ ക്രൊയേഷ്യ (17) രണ്ടാമതായി. അടുത്ത റൗണ്ടിലെ റഷ്യ-ക്രൊയേഷ്യ മത്സരം നിർണായകമായി. ഇഗോർ ദിവീവിെൻറയും ജോർജി സിഖിയയുടെയും ഗോളുകളാണ് സ്ലൊവേനിയക്കെതിരെ റഷ്യക്ക് ജയം നൽകിയത്. ലൂക മോഡ്രിച്ചിെൻറ ഫ്രീകിക്ക് ഗോളിലാണ് സ്ലൊവാക്യയോട് ക്രൊയേഷ്യ സമനില പിടിച്ചത്. സ്ലൊവാക്യക്കും സ്ലൊവേനിയക്കും 10 വീതവും മാൾട്ടക്കും സൈപ്രസിനും അഞ്ചു വീതവുമാണ് പോയൻറ്.
ഗ്രൂപ് ജെ
മാർച്ചിൽ നോർത്ത് മാസിഡോണിയയോടേറ്റ ഞെട്ടിക്കുന്ന തോൽവി മാത്രമാണ് യോഗ്യത റൗണ്ടിൽ ജർമനിക്ക് സംഭവിച്ച പിഴവ്. അതിനു പ്രായശ്ചിത്തമായി അതേ ടീമിനെതിരെ 4-0 ജയവുമായാണ് ജർമൻ സംഘം യോഗ്യതയുറപ്പിച്ചത്. മറ്റു കളികളെല്ലാം ജയിച്ച ജർമനിക്ക് 21 പോയൻറായി. രണ്ടാമതുള്ള റുേമനിയക്ക് 13 പോയൻറ് മാത്രം. രണ്ട് റൗണ്ട് മാത്രം ശേഷിക്കെ അവർക്ക് ജർമനിക്കൊപ്പമെത്താനാവില്ല. ജർമനിക്കായി തിമോ വെർണർ (2), കയ് ഹാവർട്സ്, ജമാൽ മൂസിയാല എന്നിവരാണ് സ്കോർ ചെയ്തത്. നോർത്ത് മാസിഡോണിയക്കും അർമീനിയക്കും 12 പോയൻറ് വീതമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.