ജർമൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഗുണ്ടോഗൻ വിരമിച്ചു
text_fieldsബർലിൻ: ജർമൻ ഫുട്ബാൾ ടീം നായകൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്ലബ് ഫുട്ബാളിൽ കൂടുമാറ്റ വാർത്തകൾ സജീവമായി നടക്കുന്നതിനിടെയാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസൺ മുതൽ ബാഴ്സലോണക്കൊപ്പം പന്തുതട്ടുന്ന താരം പുതിയ തട്ടകം തേടുന്നുവെന്ന വാർത്തകൾ നിറയുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.
"ഏറെ ആലോചിച്ച ശേഷം തീരുമാനിച്ചു, എന്റെ ദേശീയ ടീം കരിയർ അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന നിഗമനത്തിലെത്തി, മാതൃരാജ്യത്തിനായി 82 അന്താരാഷ്ട്ര മത്സരങ്ങൾ, ഞാൻ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നു . 2011 ൽ സീനിയർ ദേശീയ ടീമിനായി ഞാൻ അരങ്ങേറ്റം കുറിച്ചപ്പോൾ എനിക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു സംഖ്യ."- ഗുണ്ടോഗൻ വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു.
2011 മുതൽ ജർമൻ ദേശീയ ടീമിൽ കളിക്കുന്ന താരം ദേശീയ കുപ്പായത്തിൽ 82 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. ക്വാർട്ടർ വരെയെത്തിയ കഴിഞ്ഞ യൂറോയിൽ ജർമനിയെ നയിച്ചത് 34 കാരനായ ഗുണ്ടോഗനായിരുന്നു.
2016 മുതൽ ഏഴുവർഷത്തോളം മാഞ്ചസ്റ്റർ സിറ്റിയിൽ പന്തുതട്ടിയ ജർമൻ മിഡ്ഫീൽഡൽ കഴിഞ്ഞ വർഷമാണ് ബാഴ്സയിലെത്തിയത്. സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗടക്കം 14 കിരീടങ്ങൾ താരം സ്വന്തമാക്കിയിരുന്നു. ബാഴ്സയിൽ നിന്ന് പഴയ തട്ടകമായ സിറ്റിയിലേക്കോ സൗദി ക്ലബുകളിലേക്കോ കൂടുമാറുമെന്നാണ് വാർത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.