'ഇത് പണ്ട് ബ്രസീൽ തോറ്റ പോലെയായി'; 6-0ൻെറ തോൽവിക്ക് പിന്നാലെ ജർമൻ ഫുട്ബാൾ ചീഫ്
text_fieldsബെർലിൻ: യുവേഫ നേഷൻസ് ലീഗിൽ സ്പെയിനിനോട് എതിരില്ലാത്ത ആറുഗോളുകൾക്ക് തകർന്നതിന് പിന്നാലെ പ്രതികരണവുമായി ജർമൻ ഫുട്ബാൾ അസോസിയേഷൻ ചീഫ് ഒളിവർ ബെയർഹോഫ്. 2014 ലോകകപ്പ് സെമിയിൽ ജർമനിയോട് ബ്രസീലിനേറ്റ 7-1 വമ്പൻ തോൽവിയോടാണ് ബെയർഹോഫ് ടീമിൻെറ പ്രകടനത്തെ ഉപമിച്ചത്.
''2014 ബ്രസീലിന് കളിക്കളത്തിൽ സംഭവിച്ചതാണ് ഇന്ന് ഞങ്ങൾക്ക് പറ്റിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്'' -ബെയർഹോഫ് പ്രതികരിച്ചു. ജർമൻ കോച്ച് ജോക്കിം ലോയ്വിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും ബെയർഹോഫ് കൂട്ടിച്ചേർത്തു.
ഫെറാൻ ടോറസിൻെറ ഹാട്രിക് ഗോളുകളുടെ മികവിലാണ് ജർമനിയെ സ്പെയിൻ തുരത്തിയോടിച്ചത്. ഫുട്ബാൾ ടൂർണമെൻറുകളിലെ ജർമനിയുടെ ഏറ്റവും വലിയ തോൽവിയാണിത്. 1954 ലോകകപ്പ് ഗ്രൂപ് മത്സരത്തിൽ ഹംഗറിയോട് പശ്ചിമ ജർമനി 8-3ന് പരാജയപ്പെട്ടതായിരുന്നു ഇതിനുമുമ്പിലുള്ള വലുത്.1931ൽ ഓസ്ട്രിയയോട് സൗഹൃദമത്സരത്തിൽ 6-0ന് തോറ്റ റെക്കോർഡിനൊപ്പം ഇതും ഇടംപിടിച്ചു.
തോൽവിക്കുപിന്നാലെ ബയേൺ മ്യൂണിക് താരങ്ങളായ ജെറോം ബോട്ടെങ്, തോമസ് മുള്ളർ, മാറ്റ് ഹമ്മൽസ് എന്നിവരെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.