നിക്ലസ് ഫുൾക്രുഗിന് ഇരട്ടഗോൾ; പെറുവിനെ വീഴ്ത്തി ജർമനി (2-0)
text_fieldsമുന്നേറ്റ താരം നിക്ലസ് ഫുൾക്രുഗിന്‍റെ ഇരട്ട ഗോൾ മികവിൽ സൗഹൃദ മത്സരത്തിൽ പെറുവിനെ വീഴ്ത്തി ജർമനി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജർമനിയുടെ ജയം. ഇതോടെ അടുത്ത വർഷം രാജ്യം വേദിയാകുന്ന യൂറോ കപ്പിനുള്ള തയാറെടുപ്പും ജയത്തോടെ ടീമിന് തുടങ്ങാനായി.
ഖത്തർ ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെ ജർമനി കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു. പതിവിൽനിന്ന് വിപരീതമായി രണ്ടു സ്ട്രൈക്കർമാരെ വിന്യസിച്ചായിരുന്നു ടീം കളത്തിലിറങ്ങിയത്. ഫുൾക്രുഗിനൊപ്പം ടിമോ വെർണറും മുന്നേറ്റ നിരയിൽ അണിനിരന്നതോടെ ടീമിന്‍റെ ആക്രമണത്തിനും മൂർച്ചകൂടി. എന്നാൽ, പലപ്പോഴും ലാറ്റിനമേരിക്കൻ ടീമിന്‍റെ ഹൈ പ്രസ്സിങ് ഗെയിമിനു മുന്നിൽ ആതിഥേയർ വട്ടംകറങ്ങി.
മത്സരത്തിന്‍റെ 12ാം മിനിറ്റിലാണ് ഫുൾക്രുഗ് ആദ്യ ഗോൾ നേടുന്നത്. കായ് ഹവേർട്സാണ് ഗോളിന് വഴിയൊരുക്കിയത്. ലോകകപ്പിലെ അവസാന ഗ്രൂപ് മത്സരത്തിലും താരം ഗോൾ നേടിയിരുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് അരങ്ങേറ്റ മത്സരം കളിച്ച വെർഡർ ബ്രെമെൻ മുന്നേറ്റ താരം 33ാം മിനിറ്റിൽ കരിയറിലെ അഞ്ചാം ഗോളും നേടി. മാരിയസ് വുൾഫിന്‍റെ സൂപ്പർ ക്രോസ് ഫ്ലിക്ക് ചെയ്ത് വലയിലാക്കുകയായിരുന്നു.
യൂറോക്ക് ആതിഥ്യം വഹിക്കുന്നതിനാൽ ജർമനി നേരിട്ട് യോഗ്യത നേടിയിരുന്നു. ഈമാസം 28ന് ബെൽജിയത്തിനെതിരെയാണ് ജർമനിയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.