7-1; ബ്രസീലുകാർ ഓർക്കാൻ ഇഷ്ടപ്പെടാത്ത നമ്പർ വീണ്ടും ഓർമിപ്പിച്ച് ജർമനി
text_fieldsമ്യൂണിക്: 7-1, ജർമനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്കോറാണ്. ബ്രസീലുകാർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതും. ഗോളടിച്ചു കൂട്ടുകയാണെങ്കിൽ ജർമനിക്ക് ഏഴിൽ അവസാനിപ്പിക്കുക എന്നത് ഒരു ത്രില്ലാണ്. 2014 ലോകകപ്പിൽ ബ്രസീലിനെ 7-1ന് കെട്ടുകെട്ടിച്ചവർ വർഷങ്ങൾക്കു ശേഷം വീണ്ടും അതേ സ്കോറിൽ. അന്ന് ലോക ചാമ്പ്യന്മാരെയായിരുന്നു തറപറ്റിച്ചതെങ്കിൽ ഇത്തവണ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഒരുപാട് താഴെയുള്ള ലാത്വിയയോടാണെന്ന് (136) മാത്രം.
യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലാണ് ജർമനിയുടെ തകർപ്പൻ പ്രകടനം. പടിയിറങ്ങാൻ പോകുന്ന കോച്ച് യോ ആഹിം ലോയ്വ് മുൻനിര താരങ്ങളെയെല്ലാം ഇറക്കിയ മത്സരത്തിൽ റോബിൻ ഗോസെൻസ്, ഇൽകായ് ഗുണ്ടോഗൻ, തോമസ് മ്യൂളർ, സെർജ് നെബ്റി, തിമോ വെർണർ, ലെറോയ് സാനെ, (മറ്റൊന്ന് സെൽഫ്) എന്നിവരെല്ലാം ഗോളടിച്ചു കൂട്ടി.
ക്യാപ്റ്റൻ മാന്വൽ നോയർ 100ാം മത്സരത്തിൽ വലകാക്കാൻ ഇറങ്ങിയെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. 2018 ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ പുറത്തായ നാണക്കേടിൽനിന്ന് തിരിച്ചുവരാനാണ് ജർമനി ഒരുങ്ങുന്നത്. 15ന് ലോകചാമ്പ്യന്മാരായ ഫ്രാൻസിനെതിരെയാണ് ജർമനിയുടെ ആദ്യ പോരാട്ടം. ഇംഗ്ലണ്ട്, െബൽജിയം, ഹോളണ്ട്, ഡെന്മാർക്ക് ടീമുകളും സന്നാഹം ജയിച്ച് ഒരുങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.