ജർമൻ ഗോൾവല കാക്കാൻ ഇനി വൻമതിലില്ല; മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു
text_fieldsമ്യൂണിക്: ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. ഒന്നര ദശാബ്ദത്തിലേറെ ജര്‍മൻ ഗോള്‍വല കാത്ത വന്‍മതിലായിരുന്നു ഈ 38കാരൻ.
ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന തിളക്കത്തോടെയാണ് താരം ദേശീയ ടീമിനോട് വിടപറയുന്നത്. ബയേൺ മ്യൂണിക്കിനായി ക്ലബ് ഫുട്ബാളിൽ തുടരും. 2009ലാണ് താരം ജർമൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 124 മത്സരങ്ങൾ കളിച്ചു. യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരെയാണ് അവസാനമായി ജർമൻ കുപ്പായത്തിൽ കളിച്ചത്. ജർമനി കിരീടം നേടിയ 2014 ഫിഫ ലോകകപ്പിൽ നിർണായക പങ്കുവഹിച്ചു. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരവും നേടി. 2018, 2022 ലോകകപ്പുകളിൽ ന്യൂയറിന്‍റെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് കളിക്കാൻ ഇറങ്ങിയ ജർമനിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞില്ല.
നാലു യൂറോ കപ്പിലും ജര്‍മനിയുടെ കാവല്‍ക്കാരനായിരുന്നു. ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇകായ് ഗുണ്ടോഗൻ എന്നിവര്‍ക്ക് പിന്നാലെയാണ് ജർമനിയുടെ മറ്റൊരു വെറ്ററൻ താരം കൂടി ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് വിരമിക്കുന്നത്. നേരത്തെ, 2026ലെ ലോകകപ്പ് വരെ ന്യൂയര്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ബാഴ്സലോണ ഗോൾ കീപ്പര്‍ അന്ദ്രെ ടെര്‍സ്റ്റെഗനാക് ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോൾ കീപ്പറാകും.
‘എപ്പോഴാണെങ്കിലും ഈ ദിവസം വരേണ്ടതാണ്. ജർമൻ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം’ - ന്യൂയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.