ജിയാനി ഇൻഫാന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്
text_fieldsകിഗാലി: തുടർച്ചയായ മൂന്നാം തവണയും അന്താരാഷ്ട്ര ഫുട്‌ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് 52കാരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന 73ാം ഫിഫ കോൺഗ്രസിലാണ് പ്രഖ്യാപനം. 2027 വരെയാണ് കാലാവധി.
2016ലാണ് സെപ് ബ്ലാറ്ററുടെ പിൻഗാമിയായി ഇൻഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തർ ലോകകപ്പ് വൻ വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന് യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് വരെ തുടരാനാകും. അടുത്ത ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആക്കിയ നിർണായക തീരുമാനമടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എടുത്തത്.
ഫിഫയുടെ വരുമാനത്തിൽ റെക്കോർഡ് കുറിക്കുമെന്ന് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തിൽ സ്വിറ്റ്സർലൻഡുകാരൻ വാഗ്ദാനം ചെയ്തു. 'ഇത് വലിയ അംഗീകാരവും ബഹുമതിയും ഉത്തരവാദിത്തവുമാണ്. എന്നെ വെറുക്കുന്നവർക്കും സ്‌നേഹിക്കുന്നവർക്കുമെല്ലാം എന്റെ സ്‌നേഹം'- ഇൻഫാന്റിനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.