ലാലീഗയിൽ റയലിനെ മറികടന്ന് ജിറോണ വീണ്ടും ഒന്നാമത്; ബാഴ്സലോണക്ക് വിയ്യ റയൽ ഷോക്ക്
text_fieldsസ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ജിറോണ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 54 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്ന റയൽ മാഡ്രിഡിനെ മറികടന്നാണ് ഒരു മത്സരം അധികം കളിച്ച ജിറോണ 55 പോയിൻുറമായി ഒന്നാമതെത്തിയത്.
സെൽറ്റ വിഗോയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 20ാം മിനിറ്റിലാണ് ജിറോണ ലീഡെടുക്കുന്നത്. സ്പാനിഷ് താരം പോർട്ടുവാണ് ഗോൾ നേടിയത്. ആ ഒരറ്റ ഗോളിന്റെ ബലത്തിലാണ് ജിറോണ പിടിച്ച് നിന്നത്.
കഴിഞ്ഞ ദിവസം ലാസ് പാമാസിനെ ഒന്നിനെതിരെ രണ്ടുഗോളിന് കീഴടക്കി റയൽ മാഡ്രിഡ് തകർപ്പൻ ജയം നേടിയിരുന്നു. പാമാസിന്റെ ഹോം ഗ്രൗണ്ടിൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിലെ 53ാം മിനിറ്റിൽ യാവിയർ മാനോസിലൂടെ പാമാസാണ് ആദ്യ ലീഡെടുക്കുന്നത്.
65ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയിലിനായ മറുപടി ഗോൾ നേടി. കാമവിംഗയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. 84ആം മിനുട്ടിൽ റയൽ മാഡ്രിഡ് ലീഡും എടുത്തു. ക്രൂസിന്റെ കോർണർ കിക്കിൽ ചൗമനിയാണ് റയലിന്റെ വിജയ ഗോൾ നേടുന്നത്.
ത്രില്ലർപോരിനൊടുവിൽ ബാഴ്സ തകർന്നടിഞ്ഞു
ആദ്യപകുതിയിൽ ഒരു ഗോൾ മാത്രം പിറന്ന ബാഴ്സലോണ-വിയ്യ റയൽ മത്സരം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ ത്രില്ലർ മോഡിലേക്ക് നീങ്ങി. ഏഴു ഗോളുകളാണ് രണ്ടാം പകുതിയിൽ മാത്രം പിറന്നത്. 83 മിനിറ്റ് വരെ രണ്ടിനെതിരെ മൂന്ന് ഗോളിന് (3-2) മുന്നിലായിരുന്ന ബാഴ്സ കളി അവസാനിപ്പിച്ചത് 3-5 ന്റെ ദയനീയ പരാജയത്തോടെയാണ്.
ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 41ാം മിനിറ്റിൽ ജെറാഡ് മൊറേനയിലൂടെ വിയ്യ റയലാണ് ആദ്യ ലീഡെടുക്കുന്നത്. 54 ാം മിനിറ്റിൽ ഇല്യാസ് അഖോമോച്ചിലൂടെ വിയ്യ റയൽ ലീഡ് ഇരട്ടിയാക്കി.
രണ്ടു ഗോളിന് പിന്നിട്ട് നിന്ന ബാഴ്സയുടെ ഊഴമായിരുന്നു പിന്നീട്. 60ാം മിനിറ്റിൽ ഗുണ്ടോഗനും 68ാം മിനിറ്റിൽ പെഡ്രിയും ബാഴ്സക്ക് മറുപടി ഗോൾ നേടി സ്കോർ ഒപ്പമെത്തിച്ചു. 71ാം മിനിറ്റിൽ ബാഴ്സലോണക്ക് അനുകൂലമായി ഒരു സെൽഫ് ഗോളും ലഭിച്ചതോടെ ബാഴ്സ മിന്നും വേഗത്തിൽ മുന്നിലെത്തി (2-3).
ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് 84ാം മിനിറ്റിൽ ഗോൺസാലോ ഗുദസിലൂടെ വിയ്യ റയൽ സമനില ഗോൾ നേടിയത് (3-3). 90ാം മിനിറ്റിൽ അലക്സാണ്ടർ സൊർലോതിലൂടെ വിയ്യ റയൽ വീണ്ടും ലീഡെടുത്ത് ബാഴ്സയെ ഞെട്ടിച്ചു. (4-3).
സമനില ഗോൾ നേടാൻ ബാഴ്സ വിയ്യ റയൽ ഗോൾമുഖത്ത് നിരന്തരം അക്രമണം നടത്തിയെങ്കിലും ബാഴസയുടെ ദുർബലമായ പ്രതിരോധം വിയ്യ റയലിന് പഴുതുകൾ ഒരുക്കി കൊടുത്തു. ഒന്നാന്തരം കൗണ്ടർ അറ്റാക്കിനൊടുവിൽ ബാഴ്സയുടെ വലയിൽ അവസാന ഗോളുമടിച്ച് വിയ്യ റയൽ വിജയം ആഘോഷിച്ചു. ലൂയിസ് മോരാലസാണ് അഞ്ചാം ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.