‘മെസ്സിയില്ലെങ്കിൽ പണം തിരികെ തരൂ...’; സൂപ്പർ താരത്തെ കളിപ്പിക്കാത്തതിൽ രോഷപ്രകടനവുമായി ആരാധകരും ഹോങ്കോങ് സർക്കാറും
text_fieldsഹോങ്കോങ്: ഇന്റർ മയാമിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ പ്രദർശന മത്സരത്തിൽ കളിപ്പിക്കാത്തതിൽ സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹോങ്കോങ് സർക്കാർ. ടിക്കറ്റ് തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ആരാധകരും രംഗത്തുവന്നു. ഇന്റർ മയാമിയുടെ ഹോങ്കോങ് പര്യടനത്തിനിടെ ഹോങ്കോങ് ഇലവനുമായുള്ള മത്സരത്തിൽ മെസ്സി ഇറങ്ങുമെന്നായിരുന്നു സംഘാടകരായ ടാറ്റ്ലർ ഏഷ്യ അറിയിച്ചിരുന്നത്. ഇതിന്റെ പേരിൽ മാത്രം, 30 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 25 കോടി രൂപ) സർക്കാർ സഹായമായി നൽകിയത്. മത്സര നടത്തിപ്പിനും വേദിയൊരുക്കുന്നതിനും കാണികളെ നിയന്ത്രിക്കുന്നതിലുമെല്ലാം സർക്കാർ സഹായം നൽകുകയും ചെയ്തു.
എന്നാൽ, മെസ്സി മാത്രമല്ല മറ്റൊരു പ്രമുഖ താരമായ ലൂയി സുവാരസും കളത്തിലിറങ്ങിയില്ല. സംഘാടകർ വാക്കു പാലിക്കാത്തതിനാൽ ഈ തുക തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
100 ഡോളർ (ഏകദേശം 8300 രൂപ) മുതൽ 600 ഡോളർ (50,000 രൂപ) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. സാധാരണ നിരക്കിനേക്കാൾ എത്രയോ ഇരട്ടിയായിരുന്നു ഇത്. 38,323 പേരാണ് മത്സരം കാണാൻ ഏറെ ആവേശത്തോടെ എത്തിയത്. നിരാശരായ കാണികൾ രണ്ടാം പകുതിയിൽ മെസ്സിയെ ഇറക്കണമെന്നും ടിക്കറ്റ് തുക തിരിച്ചുനൽകണമെന്നും ഗാലറിയിലിരുന്ന് കൂട്ടത്തോടെ ആവശ്യപ്പെടുന്നതും കാണാമായിരുന്നു. ഇന്റർ മയാമി സഹ ഉടമയും മുൻ ഇംഗ്ലീഷ് നായകനുമായ ഡേവിഡ് ബെക്കാമിനെതിരെയും ആരാധക രോഷമുണ്ടായി. മത്സരം അറിഞ്ഞ് നിരവധി ടൂറിസ്റ്റുകളും ഹോങ്കോങ്ങിൽ എത്തിയിരുന്നു. മത്സരത്തിൽ 4-1ന് ഇന്റർ മയാമി ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.