റെക്കോഡുകൾ ഭേദിച്ച് ഫുട്ബാൾ ട്രാൻസ്ഫർ വിപണി; കൂടുമാറിയത് 10,125 താരങ്ങൾ, ചെലവിട്ടത് 61,118 കോടി
text_fieldsലണ്ടൻ: സമീപകാല റെക്കോഡുകളെല്ലാം ഭേദിച്ച് ഈ വർഷത്തെ ട്രാൻസ്ഫർ വിപണിയെന്ന് കണക്കുകൾ. 2023ൽ ഇതുവരെ 10,125 താരക്കൈമാറ്റങ്ങൾ നടന്നപ്പോൾ അതിനായി ക്ലബുകൾ ചെലവിട്ടത് മാത്രം 736 കോടി ഡോളർ (61,118 കോടി രൂപ) വരും. താരങ്ങളെയും ക്ലബുകളെയും പ്രതിനിധാനം ചെയ്യുന്ന ഇടനിലക്കാർക്ക് വേറെയും 70 കോടി ഡോളർ ചെലവഴിച്ചിട്ടുണ്ട്. 200 കോടി ഡോളർ മുടക്കിയ ഇംഗ്ലീഷ് ക്ലബുകൾതന്നെ മുന്നിൽ. രാജ്യാന്തര ഇടപാടുകൾക്ക് സൗദി ക്ലബുകൾ കഴിഞ്ഞ ഒരാഴ്ചക്കിടെ നൽകിയത് 87.5 കോടി ഡോളറാണ്.
പ്രമുഖ താരങ്ങളായ മോയ്സസ് കെയ്സിഡോ, ഡെക്ലാൻ റൈസ്, മേസൺ മൗണ്ട്, കെയ് ഹാവെർട്സ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവർക്കായി ഇംഗ്ലീഷ് ക്ലബുകൾ പൊടിച്ചതാണ് പ്രീമിയർ ലീഗിലെ ഉയർന്ന തുകകൾ. സൗദി ലീഗിലേക്ക് ഏറ്റവുമൊടുവിൽ നെയ്മർ ജൂനിയർ അടക്കം പോയതും സമാനതകളില്ലാത്ത തുകക്ക്. സാദിയോ മാനേ, റിയാദ് മെഹ്റസ് തുടങ്ങിയവരും വലിയ സംഖ്യ ലഭിച്ചവർ. ലിവർപൂൾ താരം മുഹമ്മദ് സലാഹിനെ സ്വന്തമാക്കാൻ സൗദി ക്ലബ് മുന്നോട്ടുവെച്ച തുക പക്ഷേ, ലിവർപൂൾ സ്വീകരിച്ചിരുന്നില്ല.
ജർമൻ ലീഗിൽ രാജ്യാന്തര കൈമാറ്റങ്ങൾക്ക് 111 കോടി ഡോളറാണ് ചെലവിട്ടത്. ഇതും ബുണ്ടസ് ലിഗ ചരിത്രത്തിലെ ഉയർന്നതാണ്. ഇംഗ്ലണ്ടും സൗദി അറേബ്യയും ഫ്രാൻസും കഴിഞ്ഞാൽ ഏറ്റവും കൂടിയത് ജർമൻ ലീഗാണ്.
വൻതുകക്ക് താരങ്ങളെ വാങ്ങാൻ ക്ലബുകൾ മത്സരിച്ചത് കോവിഡ് ആഘാതത്തിൽനിന്ന് സോക്കർ വമ്പന്മാർ മുക്തമായതിന്റെ സൂചനയാണെന്ന് ഫിഫ പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയായി 10,125 പേർ രാജ്യാന്തര കൈമാറ്റം ചെയ്യപ്പെട്ടതും റെക്കോഡാണ്. നാലു വർഷം മുമ്പ് 9,093 ആയിരുന്നതാണ് ഇതുവരെയും ഉണ്ടായിരുന്ന ഉയർന്നത്. ആഭ്യന്തര കൈമാറ്റങ്ങൾ ഇതിനുപുറമെയാണ്. ട്രാൻസ്ഫർ ജാലകം അവസാനിച്ചെങ്കിലും അന്തിമ കണക്കുകൾ വരാൻ അടുത്ത വർഷാദ്യം വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.