വില്ലയുടെ വലയിൽ ഗോളുത്സവം; ടോട്ടൻഹാമിന് തകർപ്പൻ ജയം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് തകർപ്പൻ ജയം. ആസ്റ്റൻ വില്ലയെ എതിരില്ലാത്ത നാല് ഗോളിനാണ് ‘സ്പർശ്’ മുക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു ടോട്ടൻഹാമിന്റെ കടന്നുകയറ്റം. 65ാം മിനിറ്റിൽ എതിർ താരം മാക്ഗിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും അവർക്ക് അനുഗ്രഹമായി.
മത്സരത്തിൽ 70 ശതമാനവും പന്ത് കൈവശം വെച്ച ടോട്ടൻഹാം 50ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടുന്നത്. മതാർ സർ വലതുവിങ്ങിൽനിന്ന് നൽകിയ സൂപ്പർ ക്രോസിന് കാൽവെച്ച് ജെയിംസ് മാഡിസൺ വില്ലയുടെ വല കാത്ത എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു. മൂന്ന് മിനിറ്റിനകം സൺ ഹ്യൂങ് മിങ്ങിന്റെ അസിസ്റ്റിൽ ബ്രെണ്ണൻ ജോൺസനിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. വില്ല പ്രതിരോധ താരങ്ങളുടെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ഇതിനിടെ എതിർ താരം ഡെസ്റ്റിനി ഉഡോഗിയെ മാരകമായി ഫൗൾ ചെയ്തതതിന് ക്യാപ്റ്റൻ ജോൺ മക്ഗിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും നിശ്ചിത സമയം കഴിയും വരെ ആസ്റ്റൻവില്ല കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.
എന്നാൽ, ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ കുലുസേവ്സ്കിയുടെ ക്രോസിൽ സൺ ഹ്യൂങ് മിന്നിലൂടെ ടോട്ടൻഹാം മൂന്നാം ഗോൾ നേടി. മൂന്ന് മിനിറ്റിനകം സണ്ണിന്റെ തന്നെ അസിസ്റ്റിൽ തിമോ വെർണർ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ അവരുടെ പട്ടിക തികക്കുകയും ചെയ്തു.
ജയത്തോടെ 53 പോയന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലയുമായി രണ്ട് പോയന്റിന് മാത്രം പിറകിലുള്ള അവർ അടുത്ത മത്സരം ജയിച്ച് നാലാം സ്ഥാനത്തേക്ക് കയറാമെന്ന പ്രതീക്ഷയിലാണ്. 64 പോയന്റുമായി ആഴ്സണലാണ് നിലവിൽ ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി ഹൈവോൾട്ട് പോരാട്ടം സമനിലയിൽ കലാശിച്ചതാണ് അവർക്ക് അനുഗ്രഹമായത്. ലിവർപൂളിനും 64 പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ഗണ്ണേഴ്സ് ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. 63 പോയന്റുമായി സിറ്റി തൊട്ടുപിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.