കളിക്കിടെ, ടർഫ് ഗ്രൗണ്ടിലെ ഗോൾപോസ്റ്റ് ദേഹത്തുവീണ് 13കാരന് പരിക്ക്
text_fieldsമുംബൈ: ഫുട്ബാൾ പരിശീലനത്തിനിടെ, ടർഫ് ഗ്രൗണ്ടിലെ ഗോൾപോസ്റ്റ് ദേഹത്തുവീണ് 13കാരന് സാരമായി പരിക്കേറ്റു. അന്ധേരി വെസ്റ്റിലെ ചിത്രകൂടിലുള്ള ഇന്ത്യ ഓൺ ട്രാക്ക്സ് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയ നദീർ ഖാനാണ് തലക്കും ചുമലിനും കാലിനും പരിക്കേറ്റത്. ലാലിഗ ഫുട്ബാൾ സ്കൂൾസ് ഇന്ത്യ ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിനിടെയാണ് സംഭവം.
ഗ്രൗണ്ടിലെ ഗോൾപോസ്റ്റ് സുരക്ഷിതമായി ഉറപ്പിച്ചിരുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ടർഫ് ഗ്രൗണ്ടിൽ പരിശീലനം സംഘടിപ്പിച്ച അധികൃതരുടെ ഉദാസീനതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അവരുടെ വാദം. എന്നാൽ, കനത്ത കാറ്റിനിടെ സംഭവിച്ചതാണ് അപകടമെന്നും തീർത്തും ആകസ്മികമെന്നുമാണ് സംഘാടകരുടെ പ്രതികരണം.
'നദീറും അവന്റെ അമ്മാവന്റെ മകനും ചേർന്ന് കളിക്കാൻ പോയ സമയത്ത് ഞാനും സഹോദര ഭാര്യയും അടുത്തുള്ള സൂപ്പർമാർക്കറ്റിലായിരുന്നു. നദീറിന് പരിക്കുപറ്റിയ വിവരം സഹോദരന്റെ മകനാണ് ഞങ്ങളെ വിളിച്ചറിയിച്ചത്. കോച്ചോ മാനേജരോ വിളിക്കാതിരുന്നതിനാൽ നിസ്സാര പരിക്കാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. സഹോദരഭാര്യ കോച്ച് ഹർഷ് ഭിദെയെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ നദീർ ഓട്ടത്തിനിടെ ഗോൾപോസ്റ്റിലിടിച്ചാണ് അപകടമെന്നു പറഞ്ഞു'- നദീറിന്റെ മാതാവ് ഇറം ഖാൻ പറഞ്ഞു.
പരിശീലന മത്സരത്തിൽ ഗോൾകീപ്പറായി ഗ്രൗണ്ടിലിറങ്ങിയ നദീറിനു മേലേയ്ക്ക് ഗോൾപോസ്റ്റ് വീഴുകയായിരുന്നുവെന്ന് സഹതാരങ്ങൾ ഇറം ഖാനോട് പറഞ്ഞു. 'നദീറിനെ പരിചരിക്കുന്ന തിരക്കിലായതിനാലാണ് എന്നെ വിളിച്ചറിയിക്കാൻ വൈകിയതെന്നാണ് സംഘാടകർ പറഞ്ഞത്. ഗോൾപോസ്റ്റ് ദേഹത്തേക്ക് വീണ് എന്റെ മകന്റെ ബോധം പോയിരുന്നു. അൽപസമയം കഴിഞ്ഞ ശേഷമാണ് അവന് ബോധം തിരിച്ചുകിട്ടിയത്.' നദീറിന് പ്രാഥമിക ചികിത്സ നൽകാനോ ഇരിക്കാൻ കസേരയടക്കമുള്ള സൗകര്യങ്ങൾ നൽകാനോ അധികൃതർ ശ്രദ്ധിച്ചില്ലെന്നും മാതാവ് കുറ്റപ്പെടുത്തി.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം ലാലിഗ ഫുട്ബാൾ സ്കൂൾസ് ഇന്ത്യയുടെ ഔദ്യോഗിക പങ്കാളിയായ ഇന്ത്യ ഓൺ ട്രാക്ക് സി.ഇ.ഒ വിവേക് സേത്തിയ നിഷേധിച്ചു. 'ഗോൾ പോസ്റ്റ് തങ്ങൾ രണ്ടുതവണ പരിശോധിച്ചിരുന്നു. അപ്പോഴൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സംഭവത്തിൽ എന്തെങ്കിലും ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പോലും മാതാപിതാക്കൾക്ക് നൽകിയിട്ടുണ്ട്. കാറ്റിൽ ഗോൾപോസ്റ്റ് വീണ് കുട്ടിക്ക് പരിക്ക് പറ്റിയത് ദൗർഭാഗ്യകരമാണ്. അല്ലാതെ ആരോപിക്കുന്നതുപോലെയുള്ള അശ്രദ്ധയൊന്നും ഉണ്ടായിട്ടില്ല.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.