ഫുട്ബാൾ വികസനത്തിന് 'ഗോൾ' പദ്ധതി
text_fieldsതിരുവനന്തപുരം: ഫുട്ബാൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 'ഗോൾ പദ്ധതി' നടപ്പാക്കുന്നു. അഞ്ച് വർഷം അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചെറിയ പ്രായത്തിൽതന്നെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുകയാണ് ഉദ്ദേശ്യം. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാവും പരിശീലനം. പരിശീലനവേദികളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് കൂടുതൽ വിദഗ്ധ പരിശീലനം നൽകും. നിലവിൽ കിക്കോഫ് എന്ന പേരിൽ കായികവകുപ്പിന് കീഴിൽ നടക്കുന്ന പരിശീലന പരിപാടി 'ഗോൾ പദ്ധതി' യിൽ ലയിപ്പിച്ച് വിപുലമാക്കും.
പ്രധാനമായും സ്കൂളുകൾ കേന്ദ്രീകരിച്ചാകും പദ്ധതി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പരിഗണന നൽകും. അഞ്ച് വയസ്സുമുതലുള്ള കുട്ടികൾക്കാണ് പരിശീലനം. ഉപകരണങ്ങളും ജഴ്സിയും ഉൾപ്പെടെ സൗജന്യമായി നൽകും. ഓരോ പ്രായഘട്ടത്തിലുമുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ സിലബസ് ഉണ്ടാകും. ഓരോ കുട്ടിയുടെയും ശാരീരിക പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചാണ് പരിശീലനം. മികച്ച പരിശീലകരെ സൃഷ്ടിക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്.
ഫിഫയുടെയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെയും സഹകരണത്തോടെയാണ് പരിശീലകർക്ക് പരിശീലനം നൽകുക. ഓരോ പഞ്ചായത്തിലും പരിശീലകരെ കണ്ടെത്തും. കോച്ചിങ് ലൈസൻസ് നേടാനുള്ള പ്രത്യേക ക്യാമ്പുകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.