യൂറോപ്പിൽ ഗോൾമഴ; പി.എസ്.ജിക്കും ബാഴ്സക്കും ബയേണിനും ജയം
text_fieldsപാരിസ്/ബർലിൻ/ലണ്ടൻ/മഡ്രിഡ്: യൂറോപ്പിലെ വിവിധ ലീഗുകളിൽ ഗോളടിച്ചുകൂട്ടി പ്രമുഖ ടീമുകൾ. ഫ്രഞ്ച് ലീഗ് വൺ ചരിത്രത്തിലെ വേഗമേറിയ ഗോൾ നേടിയ കിലിയൻ എംബാപ്പെക്കൊപ്പം മറ്റു സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മറും നിറഞ്ഞാടിയപ്പോൾ പി.എസ്.ജി 7-1ന് ലില്ലെയെ തോൽപിച്ചു.
1992ൽ കൻസിനെതിരായ കളിയിൽ കേനിന്റെ മൈക്കൽ റിയോ നേടിയതിനു സമാനമായി കളി തുടങ്ങി എട്ടാം സെക്കൻഡിൽ എംബാപ്പെയും സ്കോർ ചെയ്തു. 66, 87 മിനിറ്റുകളിലും ഗോളടിച്ച് ഹാട്രിക് തികച്ചു വിലയിൽ മുമ്പനായ താരം. മെസ്സി 27ാം മിനിറ്റിലും അഷ്റഫ് ഹക്കീമി 39ാം മിനിറ്റിലും ഗോൾ നേടിയപ്പോൾ 43ലും 52ലും നെയ്മറിന്റെ സംഭാവനകളും വന്നു. സ്വന്തം മൈതാനത്ത് ജൊനാഥൻ ബാംബ (54) ആണ് ലീലിനുവേണ്ടി ആശ്വാസം കണ്ടെത്തിയത്.
സാദിയോ മാനെക്ക് ഇരട്ട ഗോൾ; ബോകമിന് ബയേൺ വക 'സെവൻഅപ്'
സ്വന്തം മൈതാനത്ത് നടന്ന ജർമൻ ബുണ്ടസ് ലിഗ മത്സരത്തിൽ വൻ തോൽവി ഏറ്റുവാങ്ങി ബോകം. സാദിയോ മാനെയുടെ ഇരട്ട ഗോൾ മികവിൽ ബയേൺ മ്യൂണിക് എതിരില്ലാത്ത ഏഴു ഗോളിനാണ് ജയിച്ചത്. നാലാം മിനിറ്റിൽ ലെറോയ് സാനെയിലൂടെ തുടങ്ങി ബയേൺ. 25ാം മിനിറ്റിൽ ഡി ലൈറ്റും 33ൽ കൊമാനും സ്കോർ ചെയ്തു. 42ലായിരുന്നു മാനെയുടെ ആദ്യ പ്രഹരം. 60ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും. ഗംബോവയുടെ (69) സെൽഫ് ഗോളോടെ ആറെണ്ണത്തിനു പിന്നിലായ ബോകമിന്റെ പെട്ടിയിലെ അവസാന ആണി 76ാാം മിനിറ്റിൽ ഗനാബ്രി അടിച്ചു.
സിറ്റിയെ മൂന്നിൽ മെരുക്കി ന്യൂകാസിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി മുനമ്പിൽനിന്ന് ഉജ്ജ്വലമായി തിരിച്ചുവന്നിട്ടും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം കൈപ്പിടിയിലൊതുക്കാനായില്ല. ന്യൂ കാസിലിന്റെ മൈതാനത്ത് നടന്ന മത്സരം 3-3 സമനിലയിൽ പിരിഞ്ഞു. അഞ്ചാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് പിടിച്ചു. എന്നാൽ, 28, 39, 54 മിനിറ്റുകളിൽ ആതിഥേയർക്കുവേണ്ടി യഥാക്രമം ആൽമിറോൺ, കല്ലം വിൽസൻ, കീറൻ ട്രിപ്പിയർ എന്നിവർ നിറയൊഴിച്ചതോടെ 1-3ന് സിറ്റി പിറകിലാവുന്നതാണ് കണ്ടത്. അവസരത്തിനൊത്തുയർന്ന് ചാമ്പ്യന്മാർക്കുവേണ്ടി എർലിങ് ഹാലൻഡും (60) തൊട്ടുപിന്നാലെ ബെർണാഡോ സിൽവയും (64) ഗോൾ മടക്കുകയായിരുന്നു.
ലെവന്റെ പിറന്നാൾ ഡബ്ൾ
34ാം ജന്മദിനത്തിൽ രണ്ടു തവണ സ്കോർ ചെയ്ത് നിറഞ്ഞാടിയ റോബർട്ട് ലെവൻഡോവ്സ്കിക്ക് പിറന്നാൾ സമ്മാനവുമായി ബാഴ്സലോണ. റയൽ സോസീഡാഡിനെ ഒന്നിനെതിരെ നാലു ഗോളിന് തോൽപിച്ചാണ് ബാഴ്സ സീസണിലെ ആദ്യ ജയം ആഘോഷിച്ചത്. ആദ്യ മിനിറ്റിൽത്തന്നെ ലെവൻഡോവ്സ്കി അക്കൗണ്ട് തുറന്നു. ആറാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിലൂടെ ആതിഥേയരുടെ തിരിച്ചടി. ഡംബലെ (66) ബാഴ്സയുടെ ലീഡ് രണ്ടാക്കി. 68ൽ വീണ്ടും ലെവൻഡോവ്സ്കി. അൻസു ഫാറ്റി 79ൽ നാലാം ഗോളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.