'ഗോട്ട്' ചർച്ചകൾ ഇനി നിർത്താം; കോപ അമേരിക്ക വിജയത്തോടെ മെസ്സിയെ വാഴ്ത്തി സോഷ്യൽ മീഡിയ
text_fieldsബ്രസീലിയ: സമകാലീന ഫുട്ബാളിലെ ഏറ്റവും മികച്ചവൻ ആരെന്ന സംവാദത്തിൽ അന്താരാഷ്ട്ര കിരീടത്തിന്‍റെ കുറവ് പറഞ്ഞ് മെസ്സിയെ ഇകഴ്ത്തുന്നവർ ഇനി പിറകോട്ട് നിൽക്കണം.
കപ്പിനും ചുണ്ടിനുമിടയിൽ നാലു തവണ നഷ്ടപ്പെട്ട അന്താരാഷ്ട്ര കിരീടം ലയണൽ മെസ്സി ഒടുവിൽ എത്തിപ്പിടിച്ചിരിക്കുകയാണ്. മറക്കാന സ്റ്റേഡിയത്തിൽ നടന്ന കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ഫൈനലിൽ നിലവിലെ ജേതാക്കളായ ബ്രസീലിനെ 1-0ത്തിന് തോൽപിച്ചാണ് അർജന്‍റീന ജേതാക്കളായത്.
ഇതോടെ അർജന്‍റീന ജഴ്സിയിൽ ഒരു അന്താരാഷ്ട്ര കിരീടമെന്ന മെസ്സിയുടെ ദീർഘ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ബ്രസീലിയൻ പ്രതിരോധ നിരയുെട പിഴവിൽ നിന്ന് ആദ്യ പകുതിയിൽ വലകുലുക്കിയ എയ്ഞ്ചൽ ഡിമരിയയാണ് അർജന്‍റീനയുടെ വിജയശിൽപി.
1993ലായിരുന്നു അവസാനമായി അർജന്‍റീന ഒരു മേജർ കിരീടം നേടിയത്. അന്താരാഷ്ട്ര കരിയറിൽ മെസ്സി ഒരു ലോകകപ്പിന്‍റെയും മൂന്ന് കോപ അമേരിക്കയുടെയും ഫൈനലിൽ പരാജയപ്പെട്ടു. ഒളിമ്പിക് സ്വർണ മെഡലും അണ്ടർ 20 ലോകകപ്പ് കിരീടവും മാത്രമായിരുന്നു ആശ്വാസത്തിനുണ്ടായിരുന്നത്.
കൊളംബിയയുടെ ലൂയിസ് ഡയസിനൊപ്പം ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് മെസ്സി. ഇരുവരും നാലു തവണയാണ് സ്കോർ ചെയ്തത്. അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കിയതും മെസ്സിയാണ്. അർജന്‍റീന നേടിയ 11ൽ ഒമ്പത് ഗോളുകളിലും മെസ്സി നേരിട്ട് പങ്കാളിയായിട്ടുണ്ട്. മെസ്സിയുടെ ഗോളുകളിൽ രണ്ടെണ്ണം ഫ്രീകിക്കിലൂടെയായിരുന്നുവെന്നത് എടുത്തു പറയണം.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചിലിക്കെതിരെ 1-1ന് സമനില വഴങ്ങിയപ്പോൾ മെസ്സിയായിരുന്നു അർജന്‍റീനയുടെ സ്കോറർ. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയക്കെതിരെ രണ്ടു തവണ വലകുലുക്കി. ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ത്തിന് തകർത്തപ്പോൾ ഒരുഗോൾ മെസ്സിയുടെ സംഭാവനയായിരുന്നു. ടൂർണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മെസ്സിയെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.