ഗോകുലത്തിന് തകർപ്പൻ ജയം; ശ്രീനിധിയെ തകർത്തത് 4-1ന്
text_fieldsഹൈദരാബാദ്: ഐ ലീഗിൽ ഫോം വീണ്ടെടുത്ത് തകർപ്പൻ തിരിച്ചുവരവുമായി ഗോകുലം കേരള എഫ്.സി. തുടർച്ചയായ സമനിലക്കുരുക്കുകൾക്കും തോൽവിക്കുമൊടുവിൽ, പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളിനാണ് മലബാറിയൻസ് കശക്കിയത്. തുടക്കംമുതൽ ആക്രമിച്ചു കളിച്ച ഗോകുലത്തിനുവേണ്ടി നീലിയാണ് ആദ്യ ഗോൾ നേടിയത്.
ക്യാപ്റ്റൻ അലക്സ് സാഞ്ചെസ് രണ്ടുതവണ വലകുലുക്കി. മലയാളി താരം ശ്രീകുട്ടനും ലക്ഷ്യം കണ്ടു. 11 മത്സരങ്ങളിൽ നാല് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 17 പോയന്റോടെ ഗോകുലം ആറിൽനിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. രണ്ടാമതായിരുന്ന ശ്രീനിധി (20) മൂന്നാം സ്ഥാനത്തേക്കിറങ്ങി. മുൻ മത്സരങ്ങളിൽനിന്ന് വിപരീതമായി ടീം വർക്കിലൂടെ മുന്നേറുന്ന ഗോകുലത്തെയാണ് ഇന്നലെ കണ്ടത്.
ഇവരുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ ശ്രീനിധി ഡിഫെൻഡർമാർ നന്നായി പണിപ്പെട്ടു. പരിക്കുമൂലം ടീമിലെ സ്ഥിര സാന്നിധ്യമായ എടു ബേഡിയ കളിക്കാതിരുന്നിട്ടും കളി നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഗോകുലത്തിനായി. ഒമ്പതാം മിനിറ്റിലായിരുന്നു നീലിയുടെ ഗോൾ. 39ാം മിനിറ്റിൽ സാഞ്ചെസും അക്കൗണ്ട് തുറന്നു. ആദ്യ പകുതിയിൽ ആഡ് ഓൺ ടൈമിൽ ശ്രീകുട്ടൻ (45 +1). ഏകപക്ഷീയമായ മൂന്ന് ഗോൾ ലീഡോടെയാണ് ഗോകുലം രണ്ടാം പകുതി തുടങ്ങിയത്. 52ാം മിനിറ്റിൽ സാഞ്ചെസ് മുൻതൂക്കം നാലാക്കി. 74ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആൽവേസ് ആതിഥേയരുടെ ആശ്വാസഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.