ഗെറ്റ് സെറ്റ് ഗോകുലം
text_fieldsകൊൽക്കത്ത: ഐ ലീഗ് കിരീടം നിലനിർത്തിയതിന് പിറകെ എ.എഫ്.സി കപ്പിലും ഗോകുലം കേരള എഫ്.സി വിജയക്കുതിപ്പ് തുടങ്ങി. കഴിഞ്ഞ സീസണിലെ ജേതാക്കളെന്ന നിലയിൽ എ.എഫ്.സി കപ്പിലേക്ക് പ്രവേശനം ലഭിച്ച കേരള സംഘം കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിന് എ.ടി.കെ മോഹൻ ബഗാനെ പരാജയപ്പെടുത്തി.
ലൂക്ക മെജ്സൻ (50, 65) ഇരട്ട ഗോൾ നേടിയപ്പോൾ റിഷാദും (57) എം.എസ്. ജിതിനും (89) ഗോകുലത്തിന് ജയമൊരുക്കുന്നതിൽ പങ്കാളികളായി. പ്രീതം കോട്ടാലും (53), ലിസ്റ്റന്‍ കൊളാസോയും (80) എ.ടി.കെ ബഗാന്റെ തോൽവിയുടെ ഭാരം കുറച്ചു. ആദ്യമായാണ് ഒരു കേരള ക്ലബ് എ.എഫ്.സി കപ്പ് മത്സരം ജയിക്കുന്നത്. മൂന്ന് പോയന്റോടെ പട്ടികയിൽ ഒന്നാമതാണ് ഗോകുലം ഇപ്പോൾ. ഇരു ടീമും അവസരം വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഗോൾരഹിതമായി ആദ്യ പകുതി. 50ാം മിനിറ്റിൽ സ്ലൊവേനിയന്‍ താരം ലൂക്ക മെജ്‌സനിലൂടെ ഗോകുലം ലീഡ് പിടിച്ചു. മൂന്ന് മിനിറ്റിനു ശേഷം പ്രീതം കോട്ടാലിൽ നിന്ന് സമനില ഗോളെത്തി (1-1). ഐ ലീഗിലെ മികച്ച ഫോം തുടർന്ന മലപ്പുറത്തുകാരൻ റിഷാദിന്റെ ഉഗ്രൻ ഫിനിഷ് 57ാം മിനിറ്റിൽതന്നെ ഗോകുലത്തെ വീണ്ടും മുന്നിലെത്തിച്ചു. െഫ്ലച്ചറിന്റെ മികച്ച പാസിലായിരുന്നു ഗോൾ. തിരിച്ചടിക്കാൻ എ.ടി.കെ ആവും വിധം ശ്രമിക്കുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളെത്തി. ഇത്തവണ െഫ്ലച്ചറിന്റെ പാസില്‍ ലൂക്ക വഴി. പിന്നിലായ നാട്ടുകാർ വീണ്ടും പൊരുതിയെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം തടഞ്ഞു.
80ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് എ.ടി.കെക്ക് വേണ്ടി ലിസ്റ്റന്‍ കൊളാസോയുടെ ഗോള്‍ (3-2). കളി തീരാൻ ഏതാനും മിനിറ്റുകൾ ശേഷിക്കെ ലൂക്കയുടെ പാസില്‍ നിന്ന് മറ്റൊരു മലയാളി താരം ജിതിനാണ് നാലാം ഗോള്‍ നേടിയത്. ഇന്നലെ ഇറങ്ങിയ അഞ്ചു മലയാളി താരങ്ങളിൽ രണ്ടുപേരും വലചലിപ്പിച്ചു. ഗ്രൂപ്പില്‍ ഗോകുലത്തിന് രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. മേയ് 21ന് മാലദ്വീപ് ക്ലബായ മാസിയ എസ്.എയും 24ന് ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്‌സിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.