മൂന്നടിച്ച് മുന്നോട്ട്; ഐ ലീഗിൽ ജയം തുടർന്ന് ഗോകുലം
text_fieldsഗോകുലം കേരള താരങ്ങളുടെ വിജയാഘോഷം
ലുധിയാന: ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തിയ ഗോകുലം കേരള എഫ്.സി മുന്നോട്ട്. തിങ്കളാഴ്ച നടന്ന എവേ മത്സരത്തിൽ 3-1ന് നാംധാരി എഫ്.സിയെയാണ് മലബാറിയൻസ് പരാജയപ്പെടുത്തിയത്.
രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ടതോടെ ഒമ്പതു പേരുമായി കളിക്കേണ്ടിവന്നു ആതിഥേയർക്ക്. ജയത്തോടെ 19 മത്സരത്തിൽനിന്ന് 31 പോയന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 26 പോയന്റുള്ള നാംധാരി പട്ടികയിൽ ഏഴാമതാണ്. മാർച്ച് 22ന് എവേ മത്സരത്തിൽ ഗോകുലം കേരള ബംഗളൂരു എഫ്.സിയെ നേരിടും.
നാംധാരിക്കെതിരെ ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടാനായി മലബാറിയൻസിന് പല അവസരങ്ങളും ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 27ാം മിനിറ്റിൽ സുഖൻദീപ് സിങ് ചുവപ്പ് കാർഡ് കണ്ടു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. 57ാം മിനിറ്റിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. 60ാം മിനിറ്റിൽ നാംധാരി താരം ഡെയും ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടെങ്കിലും 63ാം മിനിറ്റിൽ മാൻവിർ സിങ്ങിലൂടെ ഗോൾ മടക്കി ഇവർ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. 81ാം മിനിറ്റിൽ അദമ നിയാനെയുടെ ഗോളിൽ ഗോകുലം വീണ്ടും ലീഡ് നേടി. ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. 92ാം മിനിറ്റിൽ നാച്ചോ അബലെഡോയായിരുന്നു സ്കോർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.