ഐ ലീഗിൽ കിരീടപ്പോരാട്ടം; ഗോകുലം x ട്രാവു 'ഫൈനൽ'
text_fieldsകൊൽക്കത്ത: കാൽപന്തിനെ ജീവശ്വാസമാക്കിയ മലയാളിയുടെ ഇന്നത്തെ ദിനം ഗോകുലം കേരളയുടെ ബൂട്ടിലാണ്. ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഐ ലീഗ് സീസണിലെ അവസാന റൗണ്ടിൽ ഗോകുലം കേരളയും ട്രാവു എഫ്.സിയും ഏറ്റുമുട്ടുേമ്പാൾ കണ്ണുകളെല്ലാം കിരീടത്തിലേക്ക്.
പോയൻറ് നിലയിൽ മൂന്നു ടീമുകൾ (ഗോകുലം, ചർച്ചിൽ, ട്രാവു) 26 പോയൻറുമായി ഒപ്പത്തിനൊപ്പമാണെങ്കിലും ഒരു ജയംകൊണ്ട് മറ്റാരെയും കാത്തിരിക്കാതെ ഗോകുലത്തിന് കിരീടമണിയാം. ഹെഡ്-ടു-ഹെഡിൽ മൂന്നു ടീമുകൾക്കുമിടയിലെ മുൻതൂക്കം തന്നെ കേരള ടീമിന് ശുഭപ്രതീക്ഷയൊരുക്കുന്നു.
സമനിലയോ തോൽവിയോ പിണഞ്ഞാൽ, കാത്തുകാത്തിരുന്ന് കൈയകലെ എത്തിയ കപ്പ് മറ്റാരെങ്കിലും കൊത്തിയെടുത്ത് പറക്കുന്നതിനും കാഴ്ചക്കാരാവേണ്ടിവരും.
ചാമ്പ്യൻഷിപ് റൗണ്ടിൽ ഗോകുലം ട്രാവുവിനെയും ചർച്ചിൽ ബ്രദേഴ്സ് മിനർവ പഞ്ചാബിനെയും നേരിടും. വൈകീട്ട് അഞ്ചിന് കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലും യുവഭാരതി ക്രിരംഗനിലുമായി ഒരേസമയമാണ് മത്സരങ്ങൾ.
കേരളത്തിനൊരു കന്നിക്കിരീടം
''ഞങ്ങൾക്കിത് ഫൈനലാണ്. ഈ മത്സരം ജയിക്കുക മാത്രമാണ് ലക്ഷ്യം. കളിക്കാരെല്ലാം ആവേശഭരിതരാണ്. ഇപ്പോൾ മത്സരം ജയിക്കുകയെന്നതു മാത്രമാണ് ഞങ്ങളുടെ മനസ്സിൽ. ടീമിെൻറ കഠിനാധ്വാനവും വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും മികച്ച ഫോർമേഷനുമെല്ലാമാണ് ഇവിടംവരെ എത്തിച്ചത്. ഈ പോരാട്ടവും സമർപ്പണവും അടുത്ത കളിയിലും ആവർത്തിക്കുയാണ് ലക്ഷ്യം'' -നിർണായക മത്സരത്തെ കുറിച്ച് ഗോകുലം കോച്ച് വിസെൻസോ അനിസെ പറയുന്നു.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുഹമ്മദൻസിനെ 2-1ന് തോൽപിച്ചാണ് ഗോകുലം ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അതേസമയം, ട്രാവു-ചർച്ചിൽ പോരാട്ടം സമനിലയിൽ പിരിഞ്ഞത് ഗോകുലത്തിന് എളുപ്പമായി. സീസണിൽ ആദ്യ റൗണ്ടിൽ ട്രാവുവിനെതിരെ 3-1നായിരുന്നു ഗോകുലത്തിെൻറ വിജയം.
ഗോകുലത്തിലൂടെ കേരളത്തിലേക്ക് ആദ്യ ഐ ലീഗ് കിരീടമെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. 10 ഗോളടിച്ച ഡെന്നിസ് ആൻറ്വിയും മുന്നേറ്റത്തിൽ മികച്ച പിന്തുണ നൽകുന്ന ഫിലിപ് അഡ്ജയുമാണ് സീസണിൽ ടീമിെൻറ വിന്നിങ് ഫോർമേഷൻ. മധ്യനിരയിൽ ഷെരീഫ് മുഹമ്മദിെൻറയും പ്രതിരോധത്തിൽ മുഹമ്മദ് അവലിെൻറയും സാന്നിധ്യം ടീമിനെ കരുത്തരാക്കിമാറ്റുന്നു. ഗോൾകീപ്പർ സി.കെ. ഉബൈദ്, എമിൽ ബെന്നി, വിൻസി ബരെറ്റോ, മായകണ്ണൻ, ദീപക് ദേവ്റാണി എന്നിവർകൂടി അണിനിരക്കുന്ന ലൈനപ് അതിശക്തം.
ആദ്യ കിരീടത്തിന് ട്രാവു
ഗോകുലത്തെപ്പോലെ തന്നെയാണ് ട്രാവുവും കളത്തിലെത്തുന്നത്. ജയത്തിൽ കുറഞ്ഞൊന്നും കിരീടമുയർത്താൻ മതിയാവില്ല. അവസാന ആറു മത്സരങ്ങളിലെ ഗംഭീര പ്രകടനം ട്രാവുവിനെ കരുത്തരാക്കുന്നു.
കഴിഞ്ഞയാഴ്ച ചർച്ചിലിനെതിരെ സമനില പാലിച്ചത് ഒഴിച്ചുനിർത്തിയാൽ അഞ്ചു കളിയിൽ മികച്ച മാർജിനിൽ തന്നെയായിരുന്നു ജയം. 11 ഗോളടിച്ച് സീസണിലെ ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതുള്ള ബിദ്യാസാഗർ സിങ് തന്നെ ഇംഫാലുകാരുടെ ഗോൾ മെഷീൻ.
ആറു ഗോളടിച്ച തജികിസ്താൻ മധ്യനിര താരം കൊമറോൺ ടർസ്നോവ് ലോകകപ്പ് യോഗ്യത റൗണ്ടിനായി ദേശീയ ടീമിലേക്ക് മടങ്ങിയത് ട്രാവുവിന് തിരിച്ചടിയാവും. ചർച്ചിലിനെതിരെ തിരിച്ചടിയായതും കൊമറോണിെൻറ അസാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.