ഐ ലീഗ്: ഗോകുലത്തിന് കിരീടത്തിലേക്ക് സമനിലദൂരം
text_fieldsകൊല്‍ക്കത്ത: ഐ ലീഗ് കിരീടത്തിന് തൊട്ടരികിലെത്തി ഗോകുലം കേരള. ശനിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം കിരീടത്തിന് തൊട്ടടുത്തെത്തിയത്. ലീഗില്‍ ഇനി ബാക്കിയുള്ള രണ്ട് മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടിയാല്‍ ഗോകുലം കേരളക്ക് ഐ ലീഗ് കിരീടം നിലനിര്‍ത്താനാകും.
രണ്ടാം സ്ഥാനത്തുള്ള മുഹമ്മദന്‍സ് അടുത്ത ഏതെങ്കിലും മത്സരത്തില്‍ തോറ്റാലും ഗോകുലത്തിന് രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കാം. മത്സരത്തിന്‍റെ 27ാം മിനുട്ടില്‍ ജോര്‍ദാനെ ഫ്‌ളെച്ചറുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍. ഗോള്‍ സ്വന്തമാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം കേരള രാജസ്ഥാന്റെ ഗോള്‍ മുഖത്തേക്ക് തുടരെ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ മലബാറിയന്‍സിന്റെ മുന്നേറ്റങ്ങളെല്ലാം രാജസ്ഥാന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
ഗോളെന്നുറച്ച അവസരം രാജസ്ഥാന് രണ്ട് തവണ ലഭിച്ചെങ്കിലും ഗോകുലം ഗോള്‍ കീപ്പര്‍ രക്ഷിത് ദഗര്‍ രക്ഷകനാവുകയായിരുന്നു. രണ്ടാം പകുതിയില്‍ പുതു ഊര്‍ജവുമായി എത്തിയ ഗോകുലം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പല സമയത്തും രാജസ്ഥാന്‍ ഗോള്‍മുഖത്ത് ഗോകുലം ഭീതി വിതച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെ 89ാം മിനുട്ടില്‍ രാജസ്ഥാന്‍ താരം മൗറോ സാന്റോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ഗോകുലത്തിന് വീണ്ടും ശക്തികൂടി. ഈ സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശീലകന്‍ അന്നീസെ ജിതിനെ പിന്‍വലിച്ച് മധ്യ നിര താരമായ സോഡിങ്‌ലാനയെ കളത്തിലിറക്കി.
അവസാന മിനുട്ടുകളില്‍ രാജസ്ഥാന്‍ ലോങ് ബോളുകള്‍ കളിച്ച് നോക്കിയെങ്കിലും പ്രതിരോധ താരം അമിനോ ബൗബയുടെ അവസരോചിത ഇടപെടലായിരുന്നു രാജസ്ഥാന്റെ ജയം നിഷേധിച്ചത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നതോടെ ഗോകുലം കേരള ഒരു ഗോളിന്റെ ജയവുമായി കളംവിട്ടു. 16 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഇപ്പോള്‍ ഗോകുലത്തിന്റെ സമ്പാദ്യം. ഇനി ഓരു പോയിന്റ് കൂടി ലഭിച്ചാല്‍ വീണ്ടും ദേശീയ കിരീടം കേരളത്തിലെത്തും. മെയ് 10ന് ശ്രീനിധി എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.